
ചേർത്തല:കാവുങ്കൽ എന്റെ ഗ്രാമം തേർഡ് ഐ വിഷൻ പ്രോജക്ടിന്റെ ഭാഗമായി മണ്ണഞ്ചേരി,മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളുടെ രണ്ടാംഘട്ട പ്രർത്തനങ്ങൾക്ക് തുടക്കമായി. നേരത്തെ പ്രഖ്യാപിച്ചിരുന്നതിലും കൂടുതൽ കാമറ സ്ഥാപിച്ചുകൊണ്ടുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്.
10 ലക്ഷം രൂപ യാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹൈ ഡെഫനിഷൻ നൈറ്റ് വിഷൻ കാമറകളാണ് സ്ഥാപിക്കുന്നത്.പദ്ധതി പൂർത്തീകരണത്തോടെ ഈ പ്രദേശങ്ങൾ പൂർണമായും 24 മണിക്കൂറും കാമറ നിരീക്ഷണത്തിലാകും. രണ്ടാം ഘട്ടത്തിൽ കാവുങ്കൽ പി.കെ.കവല,ദേശാഭിമാനി വായനശാല,കാവുങ്കൽ തെക്കേക്കവല,വളവനാട്,പൊന്നാട്, മണ്ണഞ്ചേരി സ്‌കൂൾ കവല അമ്പലക്കടവ്,മംഗളപുരം എന്നിവിടങ്ങളിലെ പ്രധാന ജംഗ്ഷനുകളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. കാമറകളെല്ലാം മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്കാണ് കണക്ട് ചെയ്യുന്നത്.
പനയിൽ (പപ്പാളി) ജംഗ്ഷനിലും,മംഗളപുരത്തും മൂന്നാം കണ്ണിന്റെ പ്രാദേശിക കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
മാരാരിക്കുളം പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് തേർഡ് ഐ വിഷൻ പ്രാദേശിക കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മംഗളാപുരം ജംഗ്ഷൻ മുതൽ കാരുണ്യ ഹോസ്പിറ്റൽ വരെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പ്രർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി.റൗഡി മുക്കിന് സമീപം ചേർന്ന സമ്മേളനം മാരാരിക്കുളം പൊലീസ് ഇൻസ്‌പെക്ടർ എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. തേർഡ് ഐ വിഷൻ ചെയർമാൻ പി.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ ഹോസ്പിറ്റൽ ഉടമ ഡോ.കെ.പ്രകാശൻ ആദ്യ സംഭാവന നൽകി.ജെ.ജയതിലകൻ, പി.സാബു കണ്ണർകാട്, അഡ്വ.ടി.സജി,മനോജ് പന്തലിപറമ്പ്, എം.എസ്.ജോഷി,വി.സജീവ്,പ്രസാദ് ശ്രീപാർവതി, പ്രസന്നൻ പൂന്തോട്ടത്തിൽ, വിശ്വൻ,പ്രവീൺ പൂന്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.