ചാരുംമൂട്: തട്ടുകടയുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയ രണ്ടു പേരെ നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പക്ടർ ഇ.ആർ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചാരുംമൂട് ജംഗ്ഷന് കിഴക്ക് ഭാഗത്ത് എസ്.ബി.ഐ ബാങ്കിന് സമീപം തട്ടുകട നടത്തുന്ന പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാൻ (37), കറ്റാനം ഇലിപ്പക്കുളം നീതു ഭവനത്തിൽ നിതിൻകൃഷ്ണ
(23) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കഞ്ചാവ് വില്പനയിൽ ലഭിച്ച 3800 രൂപയും പിടിച്ചെടുത്തു.
ഷൈജുഖാൻ നടത്തുന്ന തട്ടുകടയിൽ കഞ്ചാവ് വില്പന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഇവരുടെ കൂട്ടാളികളെപ്പറ്റി അന്വേഷണം ആരംഭിച്ചു. നൂറനാട് ഇടപ്പോൺ ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ ഇടപ്പോണിൽ കട നടത്തുന്ന ഹരിയെ ഹൻസുമായി അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് അമ്പതോളം കവർ ഹൻസ് പിടികൂടി. പ്രിവന്റീവ് ഓഫീസർ സദാനന്ദൻ, സി.ഇ.ഒമാരായ അബ്ദുൽറിയാസ്, അശോകൻ, അജീഷ് കുമാർ, രാജീവ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.