കൊവിഡ് ഭീഷണിയിൽ പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥർ
ആലപ്പുഴ: പോളിംഗ് ഡ്യൂട്ടി ആസ്വദിച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക്, ഇത്തവണത്തെ ഡ്യൂട്ടി അങ്കലാപ്പിന്റേതാണ്. നിഴലുപോലെ പിന്തുടരുന്ന കൊവിഡ് ഭീഷണിക്കിടെ, ഐ.ഡി കാർഡുമായി ബൂത്തുകളിലെത്തുന്ന രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ തികഞ്ഞ 'മെയ് വഴക്കം' തന്നെ വേണ്ടിവരും.
തിരഞ്ഞെടുപ്പ് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതും ബൂത്തിനുള്ളിൽ ഓരോ വോട്ടറോടും നേരിട്ട് ഇടപെടേണ്ടി വരുമെന്നതും ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നുണ്ട്. നൂറുകണക്കിന് പോളിംഗ് ബൂത്തുകളിലേക്കുള്ള സാമഗ്രികൾ ഒരു കേന്ദ്രത്തിൽ നിന്നു വിതരണം ചെയ്യുകയും തിരികെ സ്വീകരിക്കുകയും ചെയ്യുമ്പോൾ ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഒത്തുകൂടേണ്ടി വരുന്നത്. പരിമിതമായ ഭൗതികസാഹചര്യങ്ങൾ ഉപയോഗിച്ച് ഇവയെല്ലാം ഏറ്റുവാങ്ങി, എണ്ണി തിട്ടപ്പെടുത്തേണ്ടി വരുമ്പോൾ ഉണ്ടാകുന്ന തിക്കിലും തിരക്കിലും സാമൂഹിക അകലം അസാദ്ധ്യം. തുടർന്ന് അഞ്ചും ആറും ബൂത്തുകളിലെ ഉദ്യോഗസ്ഥരെ ഒരു വാഹനത്തിൽ ഒരുമിച്ച് കയറ്റി ബൂത്തിലെത്തിക്കാൻ ശ്രമിക്കുന്നതും പ്രശ്നമാവും. ഇതൊഴിവാക്കാനായി, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നേരിട്ട് ബൂത്തിലെത്താൻ ആവശ്യപ്പെടണമെന്നും പോളിംഗ് സാമഗ്രികൾ അതത് ബൂത്തിൽ എത്തിക്കണമെന്നും അവിടെ നിന്നുതന്നെ തിരികെ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
ഓരോ വോട്ടറുടെയും ഐ.ഡി പരിശോധിച്ച്, ആളെ തിരിച്ചറിഞ്ഞ്, വിരലിൽ മഷി പുരട്ടി, ത്രിതല പഞ്ചായത്തിലേക്കുള്ള മൂന്നു വോട്ടും രേഖപ്പെടുത്താൻ ഒരാൾക്ക് ശരാശരി രണ്ട് മിനുട്ട് വേണ്ടി വന്നാൽ പോലും 330 പേർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സമയമേ ലഭ്യമാകൂ. എന്നാൽ ഓരോ പോളിംഗ് ബൂത്തിലും ഇതിന്റെ മൂന്നും നാലും മടങ്ങ് വോട്ടർമാരാണുള്ളത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ബൂത്തിലെ പ്രവേശനം പരിമിതപ്പെടുത്തുമ്പോൾ പുറത്ത് വലിയ ആൾക്കൂട്ടം ഉണ്ടായേക്കാം.
ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്
1) പോളിംഗ് സ്റ്റേഷനുകളെ സംബന്ധിച്ച് വിവരം (ലൊക്കേഷൻ) ഒരു ദിവസം മുമ്പെങ്കിലും എസ്.എം.എസ് ആയി ജീവനക്കാരെ അറിയിക്കണം
2) തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന സാമഗ്രികൾ അതത് പോളിംഗ് സ്റ്റേഷനുകളിലെത്തിച്ച് നൽകണം. ഇതുവഴി വിതരണ കേന്ദ്രത്തിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനും കൊവിഡ് വ്യാപനം തടയാനും കഴിയും
3) പോളിംഗ് അവസാനിക്കുമ്പോൾ യന്ത്രങ്ങളും മറ്റു അനുബന്ധ സാമഗ്രികളും പോളിംഗ് സ്റ്റേഷനിലെത്തി ഏറ്റുവാങ്ങാൻ സംവിധാനമൊരുക്കണം. ഇതോടെ സ്വീകരണ കേന്ദ്രത്തിൽ തിരക്ക് ഒഴിവാക്കാം
4) ജീവനക്കാർ താത്പര്യപ്പെടുന്ന പക്ഷം സ്വന്തം വാഹനത്തിൽ പോളിംഗ് സ്റ്റേഷനിലെത്താനും തിരികെപ്പോകാനും അനുവദിക്കണം
5) ജീവനക്കാർക്ക് ഉപയോഗത്തിന് ആവശ്യമായ കൈയുറകൾ, മാസ്ക്, സാനിട്ടൈസർ എന്നിവ പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യാനുസരണം ലഭ്യമാക്കണം
6) ഡ്യൂട്ടി അലവൻസ് ഇരട്ടിയായി വർദ്ധിപ്പിക്കണം
ബൂത്തിൽ പ്രവേശനം പരിമിതപ്പെടുത്തുമ്പോൾ പുറത്ത് ആളെണ്ണം വർദ്ധിച്ചേക്കാം. ഇത് മൂലം പലരും കാത്തുനിന്നു തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ മടിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം. ഇതൊഴിവാക്കാൻ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്
എസ്.മനോജ് (ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ )