ആലപ്പുഴ:കേരള വികസനം തകർക്കാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയാണ് കിഫ്ബിക്കെതിരായ കേസിന് പിന്നിലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു.കേസുമായി നീങ്ങാൻ പച്ചക്കൊടി വീശിയത് ആർ.എസ്.എസ് നേതാവ് റാംമാധവാണ്.തൃശൂർ രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സ്വദേശി ജാഗരൺ മഞ്ച് നേതാവ് കിഫ്ബിക്കെതിരെ ഹൈക്കോടതയിൽ കേസുമായെത്തിയതെന്നും വാർത്താ സമ്മേളനത്തിൽ ഐസക് വ്യക്തമാക്കി.
ഗൂഢാലോചനയുടെ കോടാലിയായി സന്നത്തെടുക്കുകയാണ് മാത്യുകുഴൽനാടൻ ചെയ്തത്. കേസ് പിൻവലിച്ചതും പിന്നീട് സി.എ.ജിയെ കക്ഷി ചേർത്ത് വീണ്ടും നൽകിയതും ഗൂഢാലോചനയുടെ ഭാഗമാണ്. കിഫ്ബിയെ തകർക്കാനുള്ള ബി.ജെ.പി -കോൺഗ്രസ് സഖ്യത്തിന്റെ സംയുക്ത അജണ്ടയുടെ വിശദാംശങ്ങൾ ഓരോ ദിവസം കഴിയുംതോറും വ്യക്തമായി വരികയാണ്. കേസ് കൊടുത്ത രഞ്ജിത്ത് കാർത്തികേയൻ കഴിഞ്ഞ ദിവസം ടിവിയിൽ പ്രത്യക്ഷപ്പെട്ടു. കോടതിയിൽ സമർപ്പിക്കാൻ പെറ്രീഷൻ തയ്യാറാക്കിയ ഡൽഹിയിലെ നിയമ സ്ഥാപനത്തിന്റെ പേരു പറയണം. പെറ്റീഷൻ തയ്യാറാക്കാൻ കുഴൽനാടൻ മാത്രം പോരാ.
കിഫ്ബി സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്നും ബോഡി കോർപറേറ്റ് അല്ലെന്നുമാണ് പരാതിക്കാരന്റെ ലാ പോയിന്റ്.ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് റിസർവ് ബാങ്കിനെയും സി.എ.ജിയയെും ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിനെയുമൊക്കെ കക്ഷി ചേർത്തിരിക്കുന്നത്.നിയമസഭ ഉണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയ്ക്ക് രൂപം നൽകിയിട്ടുള്ളതും അത് ബോഡി കോർപ്പറേറ്റാണെന്ന് നിർവചിച്ചിട്ടുള്ളതും.നിയമസഭയ്ക്ക് അതിനുള്ള അനുവാദമില്ലെന്നാണോ വാദം. നിയമംവഴി രൂപീകരിച്ചാൽ അത് സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.അത് കൊണ്ട് അതുവഴി എടുക്കുന്ന വായ്പ സർക്കാരിന്റെ അക്കൗണ്ടിൽപ്പെടുത്തണമെന്ന് പറയുന്നത് അസംബന്ധവും.വായ്പ എടുക്കാൻ അവകാശമുണ്ടോ എന്ന ചോദ്യത്തിനാണ് കോൺഗ്രസും പ്രതിപക്ഷ നേതാവും മറുപടി പറയേണ്ടത്. മൂക്ക് മുറിച്ചും ശകുനം മുടക്കുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ രീതി. ഇത്തരത്തിൽ വായ്പ എടുക്കാൻ പാടില്ലെന്ന് ഉമ്മൻചാണ്ടി എവിടെയും പറഞ്ഞിട്ടില്ല.
കേസ് ഏറ്റെടുത്തത് പ്രൊഫഷനുമായി ബന്ധപ്പെട്ടാണെന്നാണ് കുഴൽനാടന്റെ വാദം. അങ്ങനെയെങ്കിൽ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഒരു വക്കാലത്ത് തന്നാൽ കുഴൽനാടൻ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക് കളിയാക്കി.