വൈകിട്ട് 7 വരെയെത്തുന്നവർക്ക് വിരിവയ്ക്കാൻ അനുമതി
ആലപ്പുഴ: മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പൻമാരെ സ്വീകരിക്കാൻ ഇടത്താവളങ്ങളുമൊരുങ്ങി. കർശന നിയന്ത്രണങ്ങളുള്ളതിനാൽ പതിവിൽ നിന്ന് വ്യത്യസ്തമായി വളരെക്കുറച്ച് അയ്യപ്പൻമാർ മാത്രമേ ഇത്തവണ വിരിവയ്ക്കാനെത്തൂ എന്നാണ് കണക്കുകൂട്ടൽ. ഇടത്താവളങ്ങളിൽ കൊവിഡ് മാനദണ്ഡം നിർബന്ധമായും പാലിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. മുഖ്യക്ഷേത്രങ്ങളിൽ അടച്ചിട്ടിരുന്ന ഗോപുര വാതിലുകളിൽ ചിലത് അയ്യപ്പൻമാരെ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം തുറന്നു. വൈകിട്ട് ഏഴു വരെ എത്തുന്ന ഭക്തർക്ക് മാത്രം വിരിവെയ്ക്കാൻ അനുമതി നൽകിയാൽ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതികളുടെ തീരുമാനം. അയ്യപ്പൻമാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് വരുന്നതെങ്കിലും ഇടത്താവളങ്ങളിലും സാമൂഹിക അകലം നിർബന്ധമാണ്.
നിർദ്ദേശങ്ങൾ
ഇടത്താവളങ്ങളിൽ എല്ലാദിവസവും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചുള്ള ശുചീകരണം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
പൊതു ടോയ്ലറ്റുകൾ, കുളിമുറികൾ എന്നിവയുടെ ഉപയോഗം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവണം
ഇടത്താവളങ്ങളിൽ ഭക്ഷണവിതരണം അത്യാവശ്യമുള്ള തീർത്ഥാടകർക്ക് മാത്രം. ഭക്ഷണം വാഴയിലയിൽ നൽകണം
കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി
അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരുടെ കൊവിഡ് സർട്ടിഫിക്കറ്റ് കൃത്യമായി പരിശോധിക്കണം
അവശ്യഘട്ടങ്ങളിൽ ആന്റിജൻ ടെസ്റ്റ് ചെയ്യുവാനുള്ള സൗകര്യം വേണം
ആംബുലൻസുകൾ , പി പി ഇ കിറ്റ് എന്നിവ ഇടത്താവളങ്ങൾക്ക് സമീപമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഉറപ്പുവരുത്തണം
കുളങ്ങളിൽ കുളി വേണ്ട
പൊതു ജലസ്രോതസുകളിലും ക്ഷേത്രക്കുളങ്ങളിലും തീർഥാടകർ ഇറങ്ങുന്നതും കുളിക്കുന്നതും നിരോധിച്ചു
കുടിവെള്ള സ്രോതസിന്റെ പരിശോധന, സാനിട്ടേഷൻ, ക്ലോറിനേഷൻ എന്നിവ സംബന്ധിച്ച പരിശോധന ആരോഗ്യവകുപ്പ് നടത്തണം.കുടിവെള്ളത്തിന്റെ ലഭ്യത വാട്ടർ അതോറിട്ടിയും, തടസം കൂടാതെയുള്ള വൈദ്യുതിവിതരണം കെ.എസ്.ഇ.ബിയും ഉറപ്പുവരുത്തണം
പ്രത്യേക സർവീസില്ല
ശബരിമലയിൽ എത്തുന്ന പ്രതിദിന അയ്യപ്പൻമാരുടെ എണ്ണം ആയിരമായി നിയന്ത്രിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ നിന്ന് പ്രത്യേക സർവീസ് ഒരുക്കേണ്ടതില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ആവശ്യം വന്നാൽ മാത്രമേ പമ്പ സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കൂ. കോട്ടയം, ചെങ്ങന്നൂർ, പത്തനംതിട്ട ഡിപ്പോകളിൽ നിന്ന് സർവീസുണ്ടാവും. മുൻവർഷങ്ങളിൽ മണ്ഡലകാലത്ത് ദിവസവും ഓരോ ഷെഡ്യൂൾ വീതം ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നു.
ജില്ലയിലെ പ്രധാന ഇടത്താവളങ്ങൾ
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രം
ചെട്ടികുളങ്ങര ക്ഷേത്രം
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
കൊവിഡ് മൂലം അടച്ചിട്ടിരുന്ന ഗോപുരവാതിലുകളിൽ ഒന്ന് അയ്യപ്പൻമാരെ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം തുറന്നു. ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കും. സെക്യൂരിറ്റിയെ നിയോഗിച്ചാണ് സാമൂഹിക അകലം ഉറപ്പുവരുത്തുന്നത്
- അമ്പലപ്പുഴ ക്ഷേത്ര ഭരണ സമിതി