ആലപ്പുഴ: കൊവിഡ് ഭേദമായവരെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു.
തുടർപ്രശ്നങ്ങൾക്ക് 'ലോംഗ് കൊവിഡ്' എന്നാണ് വിളിപ്പേര്. വിട്ടുമാറാത്ത ക്ഷീണം മുതൽ ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്നങ്ങൾ വരെ കൊവിഡിന്റെ അനുബന്ധമായി ഉണ്ടാവാം. കൊവിഡ് വന്നുമാറിയവർ ജീവിതത്തിൽ കരുതലും ജാഗ്രതയും തുടരണം. ജീവിതശൈലിയിലും ഭക്ഷണരീതികളിലും മാറ്റമുണ്ടാവണം. കുട്ടികളെയും വയോധികരെയും പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.
കൊവിഡ് ബാധിതരായ കുട്ടികളിൽ വൈകി ഉണ്ടാകുന്ന ഗുരുതരമായ അനുബന്ധപ്രശ്നമാണ് മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്). രോഗം മാറി 3-4 ആഴ്ച കഴിഞ്ഞ് പനി,വയറുവേദന,ഛർദി,വയറിളക്കം,കണ്ണിൽ ചുവപ്പ്,സന്ധിവേദന,സന്ധി വീക്കം, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൊവിഡ് വീണ്ടും വരാനുള്ള സാദ്ധ്യത തള്ളിക്കളയരുത്.
കൈവിടരുത് ജാഗ്രത
രോഗമുക്തി നേടിയവരിൽ ശ്വാസംമുട്ടൽ, ക്ഷീണം,തളർച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടായാൽ വൈദ്യസഹായം തേടണം
പ്രമേഹം,ഹൃദ്റോഗം, ഹൈപ്പർ ടെൻഷൻ തുടങ്ങിയ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം
സമീകൃതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം കഴിച്ച് ശരീരത്തിലെ പ്രതിരോധശേഷി വീണ്ടെടുക്കണം.പഴങ്ങൾ,പച്ചക്കറികൾ,പാൽ,മുട്ട,മത്സ്യം എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം വൈറ്റമിൻ സി അടങ്ങിയ നാരങ്ങ,നെല്ലിക്ക,ഓറഞ്ച് തുടങ്ങിയവ പ്രത്യേകം കഴിക്കണം
രാവിലെ ഇളം വെയിൽ കൊണ്ട് കുറച്ച് മിനിട്ട് നടക്കണം.
പുകവലി, മദ്യപാനം തുടങ്ങിയ ലഹരി ഉപയോഗം പൂർണമായി ഒഴിവാക്കണം
രോഗമുക്തി നേടിയ വയോജനങ്ങളും മറ്റ് രോഗങ്ങളുള്ളവരും കുടുംബാംഗങ്ങളുമായി ഇടപഴുകുമ്പോൾ ജാഗ്രത പുലർത്തണം