ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിർബന്ധമായും ഹരിതചട്ടം പാലിച്ചാവണമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ വ്യക്തമാക്കി.
ശുചിത്വ മിഷന്റെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, പരസ്യങ്ങൾ തുടങ്ങിയവ കോട്ടൻ തുണി, പേപ്പർ തുടങ്ങി പുനചംക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരിക്കണം. പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ ഉപയോഗിക്കരുത്. കൊടിതോരണങ്ങൾ പൂർണമായും പ്ലാസ്റ്റിക്, പി.വി.സി മുക്തമാക്കണം. ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യാൻ പ്രുദേശിക കുടുംബശ്രീയൂണിറ്റുകളെ ചുമതലപ്പെടുത്താം.
നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്ക് കുറുകെയും ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങൾക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയിലും തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാൻ പാടില്ല. പൊതുജനങ്ങളുടെയോ മറ്റുവാഹനങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പരസ്യം വാഹനങ്ങളിൽ പ്രദർശിപ്പിക്കരുത്.