സീറ്റ് ഉറപ്പിച്ചവർ പ്രചാരണം തുടങ്ങി
ആലപ്പുഴ:തദ്ദേശ സ്ഥാപനങ്ങളിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കുമ്പോഴും ചില സ്ഥലങ്ങളിൽ 'ഉറയ്ക്കാത്ത തൂണു'പോലെയാണ് സ്ഥാനാർത്ഥികളുടെ കാര്യം.സ്ഥാനാർത്ഥിത്വം ഉറപ്പാക്കി കളത്തിലിറങ്ങിയവർ പിൻവലിയേണ്ടി വരുന്നു, ഏറെക്കുറെ ഉറപ്പാക്കിയ പലർക്കും കപ്പിനും ചുണ്ടിനുമിടയിൽ അവസരം നഷ്ടമാവുന്നു, തന്റെ നിലഭദ്രമെന്ന് കരുതിയ ചിലർ ഘടക കക്ഷികളുടെ ധാരണയുടെ പേരിൽ പുറത്താകുന്നു.. അങ്ങനെ പല പുകിലുകളാണ് തിരഞ്ഞെടുപ്പു ഗോദയിൽ നടക്കുന്നത്.
കാലേകൂട്ടി സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിൽ ഒരു പരിധി വരെ എൽ.ഡി.എഫ് വിജയിച്ചെങ്കിലും പഴയകാലത്തെ പോലെ അത്ര സുഗമമല്ല കാര്യങ്ങൾ.ചുരുക്കം സ്ഥലങ്ങളിലെങ്കിലും സ്വന്തം പാർട്ടിക്കാർ തന്നെ ഇടതു സ്ഥാനാർത്ഥിക്ക് എതിരാവുന്ന സ്ഥിതിയുമുണ്ട്.സി.പി.എമ്മിന് വലിയ സ്വാധീനമുള്ള മാവേലിക്കര താലൂക്കിലെ വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ മത്സരിക്കുന്നത് പാർട്ടിയോട് ഇടഞ്ഞ ബ്രാഞ്ച് സെക്രട്ടറിയാണ്. ഇത്തരം പ്രാദേശിക വിഷയങ്ങളുണ്ടെങ്കിലും സംഘടനാ സംവിധാനമുപയോഗിച്ച് അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ടു പോവുകയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ.
അഴിച്ചിട്ടും അഴിയാത്ത കുരുക്ക്
അഴിച്ചിട്ടും അഴിയാത്ത കുരുക്കുപോലെയാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം. ചർച്ചയുടെ ആദ്യ ദിവസങ്ങളിൽ മുസ്ലീം ലീഗിന്റെ സീറ്റിനെ ചുറ്രുപ്പറ്രിയായിരുന്നു തർക്കം.രാത്രി വെളുക്കുവോളം ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ഒടുവിൽ ജില്ലാ പഞ്ചായത്തിൽ വച്ചു നീട്ടിയ ഒരു സീറ്റ് വേണ്ടെന്ന് വച്ച് , ബ്ളോക്ക് പഞ്ചായത്തിലേക്ക് അധികം രണ്ട് ഡിവിഷനും വാങ്ങിക്കൂട്ടി ലീഗ് ചർച്ചയുടെ പടിയിറങ്ങി. അപ്പോഴതാ വരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചില പൊരുത്തക്കേടുകൾ. നാലു സീറ്റുകളിലെ സ്ഥാനാർത്ഥികളെയും അവരുടെ ഗ്രൂപ്പ് പാരമ്പര്യത്തെയും ചുറ്റിയാണ് ചർച്ച നീണ്ടത്. രണ്ടു ദിവസം തുടർച്ചയായി ചർച്ച നടന്നതോടെ തർക്കസീറ്റുകളുടെ എണ്ണം നാലിൽ നിന്ന് അഞ്ചായി. വഞ്ചി ഒരു കരയെത്തിക്കാൻ കൊണ്ടുപിടിച്ചു തുഴയുകയാണ് നേതാക്കൾ.
എൻ.ഡി.എയിലും പൊട്ടലും ചീറ്റലും
രണ്ട് അസംബ്ളി നിയോജക മണ്ഡലങ്ങളിലേതൊഴികെ ബ്ളോക്ക് , ഗ്രാമപഞ്ചായത്തുകളിൽ തുടക്കത്തിൽ തന്നെ ധാരണയിലെത്താൻ എൻ.ഡി.എയ്ക്ക് സാധിച്ചു. മാവേലിക്കര, ചെങ്ങന്നൂർ അസംബ്ളി മണ്ഡലങ്ങളിലെ പഞ്ചായത്തു സീറ്റുകൾ വീതം വയ്ക്കുന്നതിലാണ് ഒത്തുതീർപ്പിന് അല്പം താമസം. ജില്ലാ പഞ്ചായത്തിലേക്ക് ബി.ഡി.ജെ.എസുമായി നാല് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് സമവായമായത്. അഞ്ച് സീറ്റെന്ന നിലപാടിൽ ഉറച്ചു നിന്ന ബി.ഡി.ജെ.എസ് ഒടുവിൽ മൂന്ന് സീറ്റുകളിൽ തൃപ്തരായി. ബ്ളോക്ക് , ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ പ്രാതിനിദ്ധ്യം വേണമെന്നതാണ് അവരുടെ ആവശ്യം. മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ ചർച്ച നീളാൻ കാരണവും ഇതു തന്നെ. ഇന്ന് കാര്യങ്ങൾക്ക് ഒരു സമാപ്തി ഉണ്ടാവുമെന്നാണ് പ്രതീക്ഷ.