ambala

അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് ഒമ്പതാം വാർഡിൽ കോൺഗ്രസിനെതിരെ മുസ്ളീം ലീഗ് സ്ഥാനാർത്ഥിയെ നിറുത്തിയതോടെ യു.ഡി.എഫിൽ കലഹം. മുസ്ളീം ലീഗിന് നൽകിയ വാർഡുകളിൽ സ്ഥാനാർത്ഥികളെ നിറുത്തി മറുപടി നൽകുമെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ വാശിപിടിക്കുന്നതിനാൽ ജില്ലാ നേതൃത്വങ്ങൾ ആശങ്കയിലായി.

എൽ.ഡി.എഫിന്റെ സിറ്റിംഗ് വാർഡായ (സി.പി.ഐ) 9-ാം വാർഡിലാണ് തർക്കം. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽ കല്ലൂപ്പറമ്പിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പുന്നപ്ര തെക്ക് യു.ഡി.എഫ് കൺവീനർ നൗഷാദ് സുൽത്താനയും പ്രചരണത്തിനിറങ്ങിയതോടെയാണ് ചേരിപ്പോര് മറനീക്കി പുറത്തു വന്നത്. മൊത്തം 17 വാർഡുകളുള്ള പഞ്ചായത്തിൽ മുസ്ലിം ലീഗിന് 2 വാർഡുകളാണ് നൽകിയിരുന്നത്. ഇതനുസരിച്ച് 10, 12 വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിക്കാതിരുന്നതോടെയാണ് ലീഗ് സ്വന്തം സ്ഥാനാർത്ഥിയെ രംഗത്തിറങ്ങിയത്.

ഇതോടെ ലീഗിനു നൽകിയ 10ലും 12ലും സ്ഥാനാർത്ഥികളെ നിറുത്തുമെന്ന വെല്ലുവിളിയുമായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ രംഗത്തെത്തി. ഒമ്പതാം വാർഡ് മുസ്ലിം ലീഗിനു നൽകിയാൽ രാജി ഭീഷണി മുഴക്കിയിരിക്കുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ. ഒമ്പതാം വാർഡിലെ സ്ഥാനാർത്ഥി തർക്കം മൂലം മറ്റു വാർഡുകളിലും യു.ഡി.എഫ് പ്രചാരണത്തിന് മങ്ങലേറ്റിട്ടുണ്ട്. ഇതിനിടെ, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഒരു വട്ടം പ്രചാരണം നടത്തിക്കഴിഞ്ഞു.