ചേർത്തല: സമർത്ഥരായ വിദ്യാർത്ഥികളെ ദത്തെടുത്ത് പരീക്ഷാപരിശീലനം നൽകി സിവിൽ സർവീസിൽ സമുദായ അംഗങ്ങളുടെ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും കർമ്മ പദ്ധതിക്ക് തുടക്കമിട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 20 പേർക്കാണ് ആദ്യഘട്ടത്തിൽ ഒരു വർഷം നീളുന്ന പരിശീലനം നൽകുന്നത്. പദ്ധതിയിലേക്ക് 250 ഉദ്യോഗാർത്ഥികളാണ് അപേക്ഷ നൽകിയത്. ഇവർക്കായി കൊല്ലത്ത് നടത്തിയ പ്രവേശനപരീക്ഷയിൽ വിജയിച്ച 41 പേരിൽ നിന്ന് ഇന്റർവ്യൂവിലൂടെയാണ് 20 പേരെ തിരഞ്ഞെടുത്തത്.
അധികാരത്തിലെ താക്കോൽ സ്ഥാനങ്ങളിൽ സമുദായ അംഗങ്ങളെ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിവിൽ സർവീസ് പരീക്ഷ പരിശീലന ആനുകൂല്യം ന്യൂനപക്ഷക്കാർക്ക് മാത്രമാണുള്ളത്. അവർക്കൊപ്പം മറ്റ് പിന്നാക്കക്കാരെ പരിഗണിക്കുന്നില്ല. ഈ ആനുകൂല്യം കൈപ്പറ്റിയവർ അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങൾ കൈയടക്കിയിരിക്കുകയാണ്.
തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ആവശ്യമായ പണം സുമനസുകളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. 20 പേരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സാമ്പത്തികനില മെച്ചമായവരും ഉൾപ്പെടുന്നുണ്ട്. പാവപ്പെട്ടവർക്ക് മുഴുവൻ സഹായവും നൽകും. മറ്റുള്ളവർക്ക് സ്കോളർഷിപ്പായി പണം നൽകും. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് അക്കാഡമി രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ കുട്ടികൾക്കും ഗുരുവിന്റെ ചിത്രവും വെള്ളാപ്പള്ളി കൈമാറി.
ശ്രീ നാരായണ ട്രസ്റ്റ് ട്രഷറർ ഡോ.ജി ജയദേവൻ അദ്ധ്യക്ഷനായി.
ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.ശശികുമാർ, ശ്രീ നാരായണ എംപ്ലോയീസ് ഫോറം കോ-ഓർഡിനേറ്റർ പി.വി.രജിമോൻ,കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ, കേന്ദ്ര കമ്മിറ്റി അംഗം ഡോ.എസ്.വിഷ്ണു, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രൻ, എൻ.ഋഷി,രതീഷ് ജെ.ബാബു, വി.സജീവ്,മോഹനൻ എന്നിവർ പങ്കെടുത്തു.