അരൂർ: എൽ.ഡി.എഫുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ജെ.എസ്.എസിനെ തദ്ദേശ തിരഞ്ഞെടുപ്പിൽ തഴയുന്നതായി ആക്ഷേപം. അരൂർ മണ്ഡലത്തിൽ കഴിഞ്ഞ ഇലക്ഷനിൽ കോടംതുരുത്ത് പഞ്ചായത്തിൽ 2 സീറ്റുകളിലും അരൂരിൽ ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റിലും ജെ.എസ്.എസ്. മത്സരിച്ചു വിജയിച്ചിരുന്നു. എന്നാൽ ഈ സീറ്റുകൾ ഇത്തവണ ജെ.എസ്.എസിന് നൽകിയില്ലെന്നു മാത്രമല്ല പാർട്ടിയുടെ സിറ്റിംഗ് സീറ്റായ കോടംതുരുത്ത് പഞ്ചായത്ത് വാർഡ് ഒന്നിൽ ജെ.എസ്.എസിന്റെ മെമ്പറെ സി.പി.എമ്മിന്റെ ചിഹ്നത്തിൽ മത്സരിപ്പിക്കുന്ന നിലപാടാണ് സി.പി.എം. അരൂർ ഏരിയ കമ്മിറ്റി സ്വീകരിച്ചിരിക്കുന്നതെന്നാണ് ജെ.എസ്.എസ് നേതൃത്വത്തിന്റെ പരാതി. ഇത് കെ.ആർ. ഗൗരിയമ്മയോട് കാണിക്കുന്ന രാഷ്ട്രീയ വഞ്ചനയും നെറികേടുമാണെന്ന് ജെ.എസ്.എസ് അരൂർ മണ്ഡലം ഭാരവാഹികളായ യു കെ കൃഷ്ണൻ, വി കെ അംബർഷൻ, റെജി റാഫേൽ എന്നിവർ ആരോപിച്ചു. അരൂർ മണ്ഡലത്തിൽ എഴുപുന്നയിലും അരൂരിലും സീറ്റുകൾ ആവശ്യപ്പെട്ടതായും സി.പി.എം ഏരിയ കമ്മിറ്റിയുടെ നിലപാടിനെതിരെ എൽ.ഡി.എഫ് സംസ്ഥാന കൺവീനർക്ക് പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു.