rejani

ചാരുംമൂട്: ഇല്ലാത്ത കാൻസറിന് കീമോ തെറാപ്പിക്ക് വിധേയയായ രജനി, ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിലെ പാലമേൽ ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. സി.പി.എം കുടുംബമായിരുന്നു രജനിയുടേത്. തെറ്റായ രോഗ നിർണയത്തിന് രജനിക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുമെടുക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്‌തിരുന്നു. എന്നാൽ തുടർനടപടി സ്വീകരിക്കാത്തതിനാൽ രജനിയും കുടുംബവും പാർട്ടി വിട്ടു.

2019 ഫെബ്രുവരിയിലാണ് സ്വകാര്യ ലാബിലെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലമേൽ കുടശ്ശനാട് സ്വദേശിനി രജനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരവധി തവണ കീമോയ്ക്ക് വിധേയയായത്. സംശയം തോന്നിയ ഡോക്ടർമാർ വിശദ പരിശോധന നടത്തിയപ്പോഴാണ് കാൻസറില്ലെന്നു മനസിലായത്.

തെറ്റായ ചികിത്സാവിധിക്കു കാരണക്കാരായ സ്വകാര്യ ലാബിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രണ്ടു കുട്ടികളുടെ അമ്മയായ രജനിയുടെ കുടുംബത്തെ സർക്കാർ ദത്തെടുക്കുമെന്നുമെല്ലാം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിയമസഭയിലുൾപ്പെടെ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. തുടർന്ന് കഴിഞ്ഞ തിരുവോണത്തിന് രജനിയും കുടുംബവും മാവേലിക്കര താലൂക്ക് ഓഫീസിനു മുന്നിൽ ഉണ്ണാവ്രതസമരം നടത്തിയിരുന്നു. സമരത്തിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു.

മൂന്നുലക്ഷം രൂപ സർക്കാർ സഹായം ലഭിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതോടെ കുടുംബം ഒന്നടങ്കം കഴിഞ്ഞ മാസമാദ്യം ബി.ജെ.പിയിൽ ചേർന്നു. ഒന്നിലധികം തവണ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നേരിട്ട് കണ്ടിട്ടും വാഗ്ദാനങ്ങൾ പാലിക്കാൻ തയ്യാറായില്ലെന്ന് രജനി പറയുന്നു. നിരന്തരം നടത്തിയ കീമോയുടെ പാർശ്വഫലമായി രജനി ഇപ്പോൾ കടുത്ത പ്രമേഹരോഗികൂടിയാണ്.