ചേർത്തല:കുട്ടനാട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകളിൽ അടിയന്തിര ക്രമീകരണം ഏർപ്പെടുത്തി.10ഷട്ടറുകൾ വേലിയേ​റ്റ വേലിയിറക്കമനുസരിച്ച് ക്രമീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം നടപടികൾ തുടങ്ങി.മൂന്നു ഘട്ടങ്ങളിലായുള്ള ബണ്ടിലെ 10 ഷട്ടറുകൾ വേലിയേ​റ്റ സമയത്ത് അടക്കുകയും ഇറക്കസമയത്ത് തുറക്കുന്നതുമായാണ് ക്രമീകരണം.ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ജലസേചനവകുപ്പ് വെച്ചൂർ ഭാഗത്തെ 10 ഷട്ടറുകൾ തിങ്കളാഴ്ച ഉച്ചയോടെ അടച്ചു.ബണ്ടിന്റെ സാങ്കേതിക വിഭാഗം ജീവനക്കാരാണ് ഷട്ടറുകൾ അടച്ചത്.നിലവിൽ ബണ്ടിന്റെ കലണ്ടർ പ്രകാരം 90 ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്.ഡിസംബർ 15നാണ് ഇത് അടക്കേണ്ടത്.ഇപ്പോൾ അടച്ചത് അസാധാരണ സാഹചര്യത്തിലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളുടെ വിശദീകരണം.