ആലപ്പുഴ : പല്ല് മുപ്പത്തി രണ്ടും കാണിച്ചൊരു ചിരിയും കെട്ടിപ്പിടുത്തവുമൊക്കെയായി വോട്ടർമാരെ മൊത്തത്തിൽ 'സോപ്പിട്ട്" വരുതിയിലാക്കാൻ വിരുതരാണ് സ്ഥാനാർത്ഥികൾ. എന്നാൽ, ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ ശീലങ്ങൾക്കൊക്കെ മാറ്റമായി. എത്ര നല്ല ചിരിയായാലും മാസ്ക് മറയ്ക്കും. സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ കെട്ടിപ്പിടുത്തവും നടപ്പില്ല.
പിന്നെ , സ്ഥാനാർത്ഥികളെ ശരിക്കും സോപ്പ് ഇടീക്കാൻ വീട്ടമ്മമാർ റെഡിയാണ്. മിക്ക വീടുകളുടെയും മുന്നിൽ കൈകഴുകാനായി വെള്ളവും സോപ്പും റെഡി. വീടുകൾ കയറിയിറങ്ങി വരുന്ന സ്ഥാനാർത്ഥികൾക്കും ഇത് അനുഗ്രഹമാണ്. കൊറോണയെ തുരത്താമല്ലോ. പോക്കറ്റിൽ സാനിട്ടൈസറുമായാണ് സ്ഥാനാർത്ഥികളുടെ പലരുടെയും നടപ്പ്.
എന്നാൽ തുടരെ സാനിട്ടൈസർ ഉപയോഗിക്കുന്നത് കൈയുടെ സ്കിന്നിനെ ബാധിക്കുമോയെന്ന ഭയവും പണച്ചെലവും വീടുകളിലെ സോപ്പു പ്രയോഗത്തെ ആശ്രയിക്കാൻ സ്ഥാനാർത്ഥികളെ നിർബന്ധിതരാക്കുന്നു.
മിക്ക തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ഥാനാർത്ഥി പ്രഖ്യാപനം അന്തിമഘട്ടത്തിൽ എത്തിയതോടെ പ്രചാരണവും കൂടുതൽ ഊർജിതമായി. ഒറ്റയാൾ ഓട്ടപ്രദക്ഷിണം കഴിഞ്ഞ് പ്രവർത്തകർക്ക് ഒപ്പമുള്ള പ്രചാരണത്തിനാണ് ഇപ്പോൾ സ്ഥാനാർത്ഥികൾ മുൻതൂക്കം നൽകുന്നത്. മുൻകാലങ്ങളെ പോലെ വയോജനങ്ങൾ അടക്കമുള്ളവരെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങൽ ഇത്തവണ നടക്കില്ല. സാമൂഹിക അകലത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രവർത്തകരുടെയും നിലപാട്. ഏതെങ്കിലും കാരണവശാൽ സ്ഥാനാർത്ഥി ക്വാറന്റൈനിൽ പോകേണ്ട നില വന്നാൽ എതിർ സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് മുന്നേറുമെന്നതാണ് കരുതൽ വർദ്ധിപ്പിക്കുന്നത്. സോപ്പിട്ടായാലും സാനിട്ടൈസർ തളിച്ചായാലും കൊറോണയെ തുരത്തുക തന്നെയാണ് ഇത്തവണ സ്ഥാനാർത്ഥികളുടെ ആദ്യ ഉദ്യമം.