കായംകുളം: വൃശ്ചിക വേലിയേറ്റത്തിൽ കായംകുളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കടൽ വെള്ളം കയറി വ്യാപക നാശനഷ്ടം. കായംകുളം നഗരസഭയുടെ പടിഞ്ഞാറൻ ഭാഗങ്ങളും ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ പഞ്ചായത്തുകളകിലുമാണ് കാർഷിക വിളകൾ നശിച്ചത്.
പതിവിന് വിപരീതമായ വൃശ്ചിക വേലിയേറ്റത്തിൽ കായംകുളം കായലിൽ നിന്നും ഉപ്പുവെള്ളം തള്ളിക്കയറുന്ന പ്രതിഭാസം രണ്ടു ദിവസമായി തുടരുകയാണ്. കൃഷിയ്ക്കൊപ്പം റോഡുകളിലും വീടുകളിലും വെള്ളം കയറി. മഴ കൂടി ആരംഭിച്ചതോടെ ഇവിടെ ജീവിതം ദുരിതത്തിലായി.
ഉപ്പുവെള്ളം തളംകെട്ടി നിൽക്കുന്നത് തെങ്ങ് കൃഷിയെ ഗുരുതരമായി ബാധിയ്ക്കുമെന്ന് കർഷകർ പറയുന്നു. ഇവിടെ ലോക്ക് ഡൗൺ കാലത്തും കർഷകരെ നിലനിറുത്തിയിരുന്നത് നാളികേരമാണ്. തെങ്ങിനൊപ്പം വാഴ മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കരക്കൃഷികളും ഭീഷണിയിലാണ്.
ലക്ഷക്കണക്കിന് രൂപ ചിലവാക്കി നീർത്തടങ്ങൾ വൃത്തിയാക്കി മത്സ്യ കൃഷി ചെയ്യുന്നവർക്കും വൻ നഷ്ടമാണ് സംഭവിച്ചത്. വെള്ളം പരന്നൊഴുകി മത്സ്യക്കുഞ്ഞുങ്ങൾ ഒഴുകിപ്പോയി. പലേടത്തും ചെറിയ തടയിണകളും ബണ്ടും തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മത്സ്യ കൃഷിക്കാർക്ക് സംഭവിച്ചത്.
കായംകുളം മൽസ്യ ബന്ധന തുറമുഖത്തിൻെ നിർമ്മാണത്തോടെ പുലിമുട്ടുകൾക്കിടയിൽ ആഴം കൂട്ടിയതാണ് വേലിയേറ്റം രൂക്ഷമാകുവാൻ കാരണം.കായലിന് അരുകിലുള്ള പിച്ചിംഗ് ഉയർത്തി ബലപ്പെടുത്തുകയാണ് പരിഹാര മാർഗം.
ഇത്തവണത്തെ വേലിയേറ്റം അതി രൂക്ഷമാണ്. മത്സ്യ കൃഷിയ്ക്ക് വലിയ നാശം ഉണ്ടായി. കാർഷിക വിളകളും നശിച്ചു. ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്.
എം.ദിലീപ്,കർഷകൻ, മണിവേലിക്കടവ്