issac

ആലപ്പുഴ:സി. എ. ജി റിപ്പോർട്ട് സഭയിൽ വയ്‌ക്കും മുമ്പ് പുറത്തായത് ചട്ടലംഘനമാണെന്ന് സമ്മതിച്ച ധനമന്ത്രി തോമസ് ഐസക്ക്,​ കേരളത്തിന്റെ വികസനപദ്ധതികൾ തകർക്കാൻ സി. എ. ജി വമ്പൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചു. കരട് റിപ്പോട്ടിൽ ഇല്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ടിൽ നാലുപേജുകൾ കേന്ദ്ര നിർദ്ദേശപ്രകാരം എഴുതിച്ചേർത്തതാണെന്നും വികസനം തടയുക മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വികസനത്തിന് പ്രാധാന്യം നൽകുന്നതിനാൽ ചട്ടലംഘനമായാലും അവകാശലംഘനമായാലും നേരിടും. തിരഞ്ഞെടുപ്പിൽ കിഫ്ബിയുടെ വികസന പദ്ധതികൾ ചർച്ചയാക്കും. സംസ്ഥാനവുമായി ചർച്ച ചെയ്യാതെ എല്ലാ കീഴ് വഴക്കങ്ങളും മറികടന്നാണ് ഓഡിറ്റ് നടത്തിയത്. സി.എ.ജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല,​ അതിലെ വാദങ്ങൾ കേരള വികസനത്തെ എങ്ങനെ ബാധിക്കുമെന്നതാണ് ചർച്ച ചെയ്യേണ്ടത്. സി.എ.ജിയുടെ നിഗമനങ്ങളോട് യോജിക്കുന്നോ ഇല്ലയോ എന്ന് യു. ഡി. എഫ് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെ ഭാവിയുടെ പ്രശ്‌നമായതിനാൽ ഇതിനെ ചെറുക്കാൻ എല്ലാ പാർട്ടികളും ഒന്നിക്കണം.

യു.ഡി.എഫും കൈ പൊക്കിയാണ് കിഫ്ബി നിയമം പാസാക്കിയത്. സി.എ.ജിയെ കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായി യു.ഡി.എഫും അംഗീകരിച്ചിട്ടില്ല. ഒരു എം.എൽ.എയും കിഫ്ബിയിൽ അഴിമതി പറയുന്നില്ല. കേരളം ബി.ജെ.പിയുടെ കണ്ണിലെ കരടാണ്. അതിന്റെ ഭാഗമാണ് സി.എ.ജി റിപ്പോർട്ട്. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന് കരടിൽ പറയുന്നില്ല.

സംസ്ഥാനം അറിയുന്നതിന് മുമ്പ് പലകാര്യങ്ങളും മറ്റ് വഴിയിലൂടെ പുറത്താവുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രശ്രമത്തിന്റെ ഭാഗമാണ്.

കിഫ്ബി വായ്പകൾ സർക്കാരിന്റെ പ്രത്യക്ഷ ബാദ്ധ്യതകളല്ല. കണ്ടിജന്റ് ബാദ്ധ്യതകൾ മാത്രമാണ്. സി.എ.ജി ആഡിറ്റ് നടക്കുമ്പോൾ കിഫ്ബിയുടെ വായ്പ 3,​000ൽപ്പരം കോടി രൂപയാണ്. അതിനേക്കാൾ കൂടുതൽ തുക നികുതി വിഹിതമായി സർക്കാർ നൽകി. കിഫ്ബി സർക്കാരിന്റെ ഒരു കോർപ്പറേറ്റ് ബോഡിയാണ്. അതിന് വായ്പയെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. മസാല ബോണ്ട് ഇറക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയുണ്ട്. അതുകൊണ്ടുതന്നെ ഭരണഘടനാപരമായി ഒരു തെറ്റുമില്ല. കിഫ്ബി പണം സർക്കാർ അക്കൗണ്ടിൽ വരുന്നില്ല.

വിദേശ വായ്പ യു.ഡി.എഫ് കാലത്ത് വാങ്ങിയിട്ടുണ്ട്. സർക്കാരിന് ബാദ്ധ്യത വന്നിട്ടില്ല. കിഫ്ബിയുടെ ബാദ്ധ്യത കിഫ്ബിയുടെ മാത്രം ആണ്. വായ്പകളുടെ പലിശ മാറും. ഡയറക്ടർ ബോർഡിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം. 13% പലിശയ്‌ക്കാണ് വായ്പ എടുത്തത്. മസാല ബോണ്ട് വെല്ലുവിളി ആയിരുന്നു. അന്തർദേശീയ നിലവാരം ഉറപ്പാക്കി ടെൻഡർ വഴിയാണ് വേണുഗോപാൽ ഓഡിറ്ററായത്.

സി.എ.ജിക്ക് എതിരെ ഹൈക്കോടതിയിൽ എല്ലാം ബോദ്ധ്യപ്പെടുത്തുമെന്നും സി.എ.ജിക്കു മറുപടി നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.