ആലപ്പുഴ : നാട്ടിലെ ചില ആശാൻമാർക്കൊപ്പം സഹായിയായി പോയുള്ള പരിചയമേ ജോബിലാലിന് ചുവരെഴുത്തിൽ കൈമുതലായുള്ളൂ. എങ്കിലും നാട്ടിലെ ആസ്ഥാന ചുവരെഴുത്തുകാരൻ ക്വാറന്റൈനിലായതോടെ ജോബിലാൽ രണ്ടും കൽപ്പിച്ച് മുന്നിട്ടിറങ്ങി. ഇത്തവണ സ്ഥാനാർത്ഥികൾക്ക് വേണ്ടി വയലാറിലെ ചുമരുകളിൽ പതിയുന്നത് ജോബിയുടെ കരവിരുതാണ്. സഹായത്തിന് ആരെക്കൂട്ടുമെന്ന് ആലോചിച്ചിരിക്കെയാണ് ആ റോൾ ചിത്രകാരിയായ മകൾ ഏറ്റെടുത്തത്.
അങ്ങനെ പെയിന്റും ബ്രഷുമായി കളവംകോടം ആലുങ്കൽ വീട്ടിൽ ജോബിലാലും മകൾ അളങ്കനന്ദയും ഇറങ്ങി. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് വേണ്ടിയാണ് ഇവരുടെ ചുവരെഴുത്ത്. രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് ജോലി. അതിനാൽ രാവിലെയും വൈകിട്ടുമുള്ള ഓൺ ലൈൻ ക്ലാസിൽ മുടങ്ങാതെ പങ്കെടുക്കാൻ കഴിയുന്നുണ്ടെന്ന് ചേർത്തല ഗവ ഗേൾസ് എച്ച്.എസിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അളകനന്ദ പറയുന്നു.
ചിഹ്നത്തിനും സ്ഥാനാർത്ഥിയുടെ പേരിനും വാചകങ്ങൾക്കും അച്ഛൻ ഔട്ടിട്ട് നൽകും. നിറം കൊടുത്ത് അവ മനോഹരമാക്കുന്നത് മകളാണ്. കൊവിഡ് കാലത്ത് ലീഫ് ആർട്ട് ചെയ്ത് പ്രശസ്തരുടെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു ജോബിലാൽ. ഓട്ടോ ഡ്രൈവറായിരുന്ന ജോബി കൊവിഡ് കാലത്ത് മത്സ്യക്കച്ചവടം നടത്തിയാണ് കുടുംബം പുലർത്തിയത്. വര തലയ്ക്ക് പിടിച്ചതോടെ തൽക്കാലം മറ്റ് ജോലികളെല്ലാം മാറ്റി വച്ചിരിക്കുകയാണ് ഇപ്പോൾ. മതിലുകളിൽ ഒരു മീറ്റർ ചുവരെഴുത്തിന് 170 രൂപയാണ് പ്രതിഫലം. ഭാര്യ പ്രസീതയ്ക്ക് സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലിയും കൊവിഡ് പ്രതിസന്ധിക്കിടയിൽ നഷ്ടമായി. അഞ്ചാം ക്ലാസുകാരി കൃഷ്ണേന്ദു മറ്റൊരു മകളാണ്.