s

മൂന്നാഴ്ചയ്ക്കിടെ സിമന്റിന് കൂടിയത് 90 രൂപ

ആലപ്പുഴ: കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന നിർമ്മാണമേഖലയിൽ കൂനിൻമേൽ കുരുവെന്നോണം സിമന്റിന് മൂന്നാഴ്ചയ്ക്കിടെ കൂടിയത് 90 രൂപ. നിലവിൽ 50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 470 രൂപയാണ്. വില്പന കുറഞ്ഞ സാഹചര്യത്തിൽ ലാഭം കൂട്ടാനുള്ള നീക്കമാണ് അന്യായ വിലവർദ്ധനവിന് കാരണമെന്ന് നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു.

ലൈഫ് മിഷൻ ഭവന പദ്ധതികൾ ഉൾപ്പെടെ പാതിവഴിയിൽ നിറുത്തി വച്ചിരിക്കുകയാണ്. വിലയെച്ചൊല്ലി ഉത്പാദകരുമായുളള ഭിന്നതയെ തുടർന്ന് ഒരു വിഭാഗം വ്യാപാരികൾ സിമന്റ് എടുക്കാതെ രണ്ടാഴ്ചയിലേറെയായി സമരത്തിലായിരുന്നു. കരാറുകാർക്ക് പുതിയ നിർമ്മാണ പ്രവൃത്തികൾ തുടങ്ങാനാകുന്നില്ല. നേരത്തെ 380 രൂപയായിരുന്നു ഒരു ചാക്ക് സിമന്റിന്റെ വിപണി വില. അന്ന് ഡീലർമാരിൽ നിന്ന് ചാക്കിന് 425 രൂപയാണ് കമ്പനികൾ ഈടാക്കിയിരുന്നത്. അധികം വരുന്ന 45 രൂപ പിന്നീട് ഡിസ്‌കൗണ്ട് ആയി കമ്പനി നൽകിയിരുന്നു.

എന്നാൽ കൊവിഡ് കാലത്ത് കമ്പനികൾ വില 445 ആക്കി. ഡീലർമാർക്കുള്ള ഡിസ്‌കൗണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പൊതുവിപണിയിൽ സിമന്റ് വില കുത്തനെ ഉയർന്നു. ജില്ലയിൽ 200ലധികം ഡീലർമാരുണ്ട്. കേരളത്തിലെ സിമന്റ് വിപണിയിൽ 70 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചാണ്. ഇന്ത്യാസിമന്റ്,എ.സി.സി,രാംകോ,അൾട്രാടെക് കമ്പനികൾ തമിഴ്നാട്ടിലാണ് പ്രവർത്തിക്കുന്നത്.

പേരിനൊരു മലബാർ

സംസ്ഥാനത്ത് സർക്കാർ വിലാസത്തിലുള്ള മലബാർ സിമന്റ്സ് മാത്രമാണ് സിമന്റ് നിർമ്മാണ രംഗത്തുള്ളത്. ഇവിടെ നിർമ്മാണവും വില്പനയും കുറവായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സിമന്റാണ് ഉപയോഗിക്കുന്നത്. സിമന്റ് കടകളിൽ നിന്ന് വീടുകളിലും പണിസ്ഥലത്തും എത്തിക്കാനുള്ള വാഹന വാടക ചെലവ് കണക്കാക്കിയാൽ ഒരു പായ്ക്കറ്റ് സിമന്റിനു പലേടത്തും പല വില വീഴും. സിമന്റിന് കൃത്രിമ ക്ഷാമം നടത്തിയ ചെറുകിട സ്ഥാപനങ്ങളുണ്ട്.

സിമന്റ് വില

ലോക്ക്ഡൗണിന് മുമ്പ്: ₹ 380

ജൂലായ്: ₹ 420

നിലവിൽ: ₹ 470-500

സിമന്റിന് അടിക്കടിയുള്ള വിലക്കയറ്റം നട്ടം തിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് ലോഡ് എത്തുന്നത്. കൊവിഡ് കാലത്ത് കമ്പനി ഡിസ്കൗണ്ട് നൽകുന്നത് നിറുത്തിയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വില കുറച്ച് സിമന്റ് വിൽക്കാൻ സാധിക്കില്ല

(സിമന്റ് ഡീലർമാർ)