
അമ്പലപ്പുഴ: ഇന്ത്യാക്കാരോട് ഏറെ അനുഭാവം പുലർത്തിയിരുന്ന, വിടപറഞ്ഞ ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിനോടുള്ള ആദരസൂചകമായി ലോക കേരളസഭ അംഗവും പുന്നപ്ര സ്വദേശിയും പ്രവാസിയുമായ തയ്യിൽ ഹബീബ് നിർമ്മിച്ച 'എ ഹാർട്ട് വാക് ടു സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ്' എന്ന സംഗീത ആൽബം ഒമാൻ ദേശീയ ദിനവും സുൽത്താന്റെ ജൻമദിനവുമായ ഇന്ന് വൈകിട്ട് അഞ്ചിന് സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്യും.
സുനീർ സിദ്ദിഖ് ആണ് സംവിധായകൻ. സിനിമാ സംവിധായകനും നടനുമായ സലാം ബാപ്പു, സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ, ചലച്ചിത്രതാരം നിയാസ്, യുവ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ എന്നിവർ ചേർന്നാണ് ആൽബം റിലീസ് ചെയ്യുന്നത്. അറബിക് - ഹിന്ദി - മലയാളം ഭാഷകളിൽ കോർത്തിണക്കിയ ആൽബത്തിലെ ഗാനരചന ഷെമീന ബീഗമാണ്. ശ്രീരാഗ് ഡെന്നിസാണ് സംഗീതം. ശ്രീരാഗ് ഡെന്നിസ്, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം അനസ് മുഹമ്മദ്, ഷാർജയിലെ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ ഷിഹാസ് എന്നിവരാണ് ഗായകർ. ഛായാഗ്രഹണം പ്രവീൺരാജ്, ഷൈജു. എഡിറ്റിംഗ് പി.കെ. സുമിത്. പി.ആർ.ഒ. ഷെജിൻ ആലപ്പുഴ, ബി. ജോസുകുട്ടി. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടേഴ്സ്: ഒ. മുജീബ്, ഷെമീർ പട്ടരുമഠം. ഡിസൈൻ: മെഗാ ഫ്രയിംസ്