പരാതി പറഞ്ഞു മടുത്തുവെന്ന് നാട്ടുകാർ
ആലപ്പുഴ : ഒറ്റമഴ പെയ്താൽ മതി നഗരത്തിലെ ഹൃദയഭാഗമായ മുല്ലയ്ക്കൽ വാർഡിലെ പഴയ തിരുമല കിഴക്ക് - ചുങ്കം റോഡ് തോടായി മാറും. ജനപ്രതിനിധികൾ മാറി മാറി വന്നിട്ടും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. നൂറു കണക്കിന് കടുംബങ്ങൾ ദിവസേന ആശ്രയിക്കുന്ന റോഡാണിത്.
റോഡിനോട് ചേർന്നുള്ള കൈത്തോടിന്റെ വശങ്ങളിൽ മൂന്ന് വർഷം മുമ്പ് കൽക്കെട്ട് കെട്ടിയിരുന്നു. എന്നാൽ മഴയിലും, വേലിയേറ്റ സമയത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാൻ ഈ കൽക്കെട്ടിനാവുന്നില്ല. ചുങ്കo - കെ.എസ്. ആർ.ടി.സി റോഡിൻ്റെ അതേ പൊക്കത്തിൽ ഈ റോഡും ഉയർത്തിയാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ലഭിക്കൂ. ഇവിടെ മിക്ക വീടുകളിലും കാറും മറ്റ് ചെറു വാഹനങ്ങളുമുണ്ട്. വാഹനങ്ങളുടെ സ്ഥിരമായ സഞ്ചാരം മൂലം റോഡിന്റെ ശോച്യാവസ്ഥ വർദ്ധിക്കുന്നതും ചെറിയ അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. പ്രദേശവാസികൾക്ക് പുറമേ, പള്ളാത്തുരുത്തി, ചുങ്കം പ്രദേശങ്ങളിലുള്ളവരും പ്രധാന റോഡുകളിൽ തിരക്ക് കൂടുന്ന സമയത്ത് ഈ റോഡിനെയാണ് ബദലായി ഉപയോഗിക്കാറുള്ളത്.
റോഡിന്റെ പൊക്കം കൂട്ടിയാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകൂ. മഴ ഇല്ലാത്തപ്പോൾ പോലും റോഡിൽ ചെളിനിറഞ്ഞ് കിടക്കുകയാണ്. ഇനി വരുന്ന ഭരണ സമിതി എങ്കിലും ഈ പ്രശ്നങ്ങൾക്ക് നേരെ കണ്ണ് തുറക്കണം
- ജോമോൻ, പ്രദേശവാസി