
ചേർത്തല:ശക്തമായ വേലിയേറ്റത്തിൽ അന്ധകാരനഴി അഴിമുഖത്തുകൂടി പൊഴിച്ചാലിലേയ്ക്കും അതുവഴി ഉൾപ്രദേശങ്ങളിലേക്കും പാടശേഖരങ്ങളിലേക്കും തള്ളിക്കയറുന്ന കടൽവെള്ളം ചേർത്തലയുടെ വടക്ക് പടിഞ്ഞാറൻ തീരമേഖലകളിൽ ജനജീവിതം ദുരിതപൂർണമാക്കി.
പട്ടണക്കാട്, തുറവൂർ,കുത്തിയതോട്, കടക്കരപ്പള്ളി തുടങ്ങിയ തീരദേശ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.അന്ധകാരനഴി സ്പിൽവേ ഷട്ടർ താഴ്ത്തുവാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ ഉള്ളിൽ ഉപ്പുവെള്ളം കയറി. പകർച്ചവ്യാധി ഭീഷണിയുമുണ്ട്. ഫലവൃക്ഷത്തൈകളും ജൈവ പച്ചക്കറികളും നശിച്ചതിലൂടെ വലിയ നഷ്ടമുണ്ടായി.
നിക്ഷിപ്ത താത്പര്യക്കാരായ മത്സ്യലോബിക്കുവേണ്ടി അധികൃതർ കാട്ടുന്ന സമീപനം ആയിരങ്ങളെയാണ് ദുരിതത്തിലാഴ്ത്തുന്നത്. അഴിമുഖം ഡ്രജ്ജുചെയ്ത് കടൽജലം അനായാസം ഉൾപ്രദേശങ്ങളിലേക്ക് തള്ളിക്കയറുവാൻ അവസരമൊരുക്കുകയും ചെയ്തു.ഇതിൽ പ്രതിഷേധിച്ച് അന്ധകാരനഴി വെട്ടയ്ക്കൽ ജനകിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ,പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ,വില്ലേജ് ഓഫീസ്, കൃഷിഭവൻ, എന്നിവയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പ്രതിഷേധസമരം അന്ധകാരനഴി - വെട്ടയ്ക്കൽ ജനകീയകൂട്ടായ്മ ഉപദേശകസമതിഅംഗം പി. ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനകീയകൂട്ടായ്മ സെക്രട്ടറി എൻ.വി.കവിരാജ് കമ്മറ്റിഅംഗങ്ങളായ കെ.ആർ.അരുൺ,സതീഷ് , ജനീഷ്, കൂട്ടായ്മ ഉപദേശകസമതി അംഗം വി.എസ്.ഷാജി എന്നിവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകി.