ആലപപ്പുഴ: ബി.ഡി.ജെ.എസിനെ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പൂർണമായും സ്വാഗതം ചെയ്യുന്നതായി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിനു കാരണമായത് കേന്ദ്ര സർക്കാരിന്റെ സത്വര നടപടികളാണ്. ആത്മനിർഭർ ഭാരത് 3.0 ന്റെ ഭാഗമായി 12 നിർണായക നടപടികൾക്കായി 2,65,080 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കൊവിഡ് വാക്സിൻ ഗവേഷണ നിർമ്മാണത്തിനായി കൊവിഡ് സുരക്ഷ മിഷന് 900 കോടി മാറ്റിവച്ചത് എടുത്തുപറയേണ്ടതാണ്. ദുരിതകാലത്ത് കേന്ദ്ര സർക്കാർ ജനങ്ങളോടൊപ്പം അടിയുറച്ചുനിൽക്കുന്നത് അഭിമാനവും സന്തോഷവും പകരുന്നു. കേരള വികസനത്തിന് മോദി സർക്കാരിന്റെ കരുതൽ ഇനിയും കണ്ടില്ലെന്നു നടിക്കാനോ മൂടിവയ്ക്കാനോ സാധിക്കില്ല.14 സംസ്ഥാനങ്ങൾക്ക് 6,195 കോടിയുടെ കേന്ദ്ര സഹായം നൽകിയപ്പോൾ കേരളത്തിനു മാത്രമായി 1277 കോടിയാണ് നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ വലിയ മുന്നേറ്റം കാഴ്ചവയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇതിനൊപ്പം ആരംഭിക്കും. ഇടതു- വലതു മുന്നണികളുടെ അഴിമതി നിറഞ്ഞ ഒത്തുതീർപ്പ് രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞു. അഴിമതിയുടെ ചെളിക്കുണ്ടിൽ മുങ്ങി നിൽക്കുന്ന ഇരു മുന്നണികളെയും തള്ളിക്കളഞ്ഞ് കേരളവും ദേശീയതയോടൊപ്പം ചേരും.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും രാജ്യത്തെ ജനമനസ് എൻ.ഡി.എയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നു. ഈ മഹാമാരി കാലഘട്ടത്തിലും എല്ലാ പ്രതിസന്ധികളെയും കരുത്തോടെ നേരിടാൻ കഴിഞ്ഞ ശക്തനായ നേതാവാണ് നരേന്ദ്ര മോദി. രാജ്യത്തെ 80 കോടി ജനങ്ങൾക്കാണ് ഇക്കാലയളവിൽ സൗജന്യമായി റേഷൻ നൽകിയത്. വികസനം, ലക്ഷ്യബോധം, സ്വാതന്ത്ര്യം, സത്യസന്ധത, ദീർഘവീക്ഷണം എന്നിവയിലൂടെയാണ് മോദി സർക്കാരിനെ ജനങ്ങൾ വിലയിരുത്തുന്നത്. കേരളത്തിലും വരുംകാലങ്ങളിൽ വലിയമുന്നേറ്റം ഉണ്ടാവുമെന്ന സത്യം അവഗണിക്കാനാവില്ലെന്നും തുഷാർവെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.