ചേർത്തല: വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിലെ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്കു കൊണ്ടുപോകും.

ഇറാൻ സ്വദേശികളായ മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലൻ (23), മോഹ്‌സെൻ സെതാരഹ് (35) എന്നിവരെ ഇന്നലെ കോടതി 19 വരെ ചേർത്തല പൊലീസിന്റെ കസ്​റ്റഡിയിൽ വിട്ടു. വൈദ്യപരിശോധനയ്ക്കു ശേഷം ചേർത്തല പൊലീസ് സ്​റ്റേഷനിൽ സി.ഐ പി.ശ്രീകുമാർ,എസ്‌.ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഇംഗ്ലീഷിലായിരുന്നു കൂടുതൽ ചോദ്യങ്ങൾ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ ഐബിയും റായും പ്രതികളെ ചോദ്യം ചെയ്തതായും സൂചനയുണ്ട്.

മാതൃഭാഷയിൽ തന്നെ ചോദ്യം ചെയ്യുന്നതിന് കേരള സർവകലാശാല അധികൃതരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇതിനാണ് തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഇവിടെ വച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജൻസികളും വിശദമായി ചോദ്യം ചെയ്യും. ഇവരുടെ തട്ടിപ്പ് സംബന്ധിച്ചു കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്ന മ​റ്റു പൊലീസ് സ്​റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കസ്​റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.

കഴിഞ്ഞ 10ന് വൈകിട്ട് വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ തട്ടിപ്പിനെ തുടർന്ന് 12നാണ് പ്രതികളെ പൊലീസ് അറസ്​റ്റു ചെയ്തത്. വാരനാട്ടെ സ്ഥാപനത്തിൽ നിന്നു 3 മിനി​ട്ടിനിടെ 34000 രൂപയാണ് തട്ടിയെടുത്തത്.