അടിയന്തിരമായി പൂർത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ
ആലപ്പുഴ: പെരുമ്പളം പാലത്തിന്റെ നിർമ്മാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാനുള്ള സർക്കാർ തീരുമാനം കോടതി അംഗീകരിച്ചതോടെ അടിയന്തിരമായി നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
കിഫ്ബിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവ്വഹിച്ചത്. കരാർ ഏറ്റെടുത്ത സെഗൂറോ കൺസ്ട്രക്ഷനും ഇൻകെലും ചേർന്നുള്ള സംയുക്ത സംരംഭത്തിന് സാമ്പത്തിക പ്രതിസന്ധി മൂലം പ്രവൃത്തി തുടങ്ങാനായില്ല. പല തവണ നോട്ടീസ് നൽകിയിട്ടും ഫലമുണ്ടായില്ല. ഇതോടെ കമ്പനിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു. സംയുക്ത കമ്പനി ഏറ്റെടുത്ത ആലപ്പുഴ, എറണാകുളം ജില്ലകളിലെ മറ്റു 4 പാലങ്ങളുടെ പ്രവൃത്തികളിലും നടപടി എടുക്കേണ്ടി വന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു കരാർ നൽകിയതിനെതിരെ മറ്റൊരു കരാർ കമ്പനി കോടതിയെ സമീപിച്ചതും കേസ് തീർപ്പാകാതെ നീണ്ടുപോയതും വിനയായി. കഴിഞ്ഞ ദിവസമാണ് ഊരാളുങ്കലിന് കോടതി അംഗീകാരം ലഭിച്ചത്. കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമായ ഇടപടലാണ് ഉണ്ടായത്. ആദ്യത്തെ കരാർ കമ്പനിയുടെ അനാസ്ഥ കാരണം ഒന്നര വർഷമാണ് നഷ്ടമായത്. കോടതി വ്യവഹാരങ്ങളിൽ കക്ഷി ചേരാൻ പ്രദേശത്തെ ഒരു ജനപ്രതിനിധി പോലും മുന്നോട്ടു വരാതിരുന്നത് നിരാശാജനകമായെന്ന് മന്ത്രി പറഞ്ഞു. തുടർ നടപടികൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൂടി കണക്കിലെടുത്ത് അടിയന്തിരമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വളരെ താല്പര്യത്തോടെ സമീപിച്ച പെരുമ്പളം പാലം നിർമ്മാണം ഉടൻ സാക്ഷാത്കരിക്കുമെന്നും ജി.സുധാകരൻ അറിയിച്ചു.