
മാവേലിക്കര : നിയന്ത്രണം വിട്ട ഇന്നോവ കാർ രണ്ട് കടകൾ ഇടിച്ച് തകർത്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് തെക്കുള്ള മുട്ട മൊത്ത വ്യാപാരശാല, എൻജിനിയറിംഗ് വർക്ക് ഷോപ് എന്നീ കടകളുടെ മുന്നിലേക്കുള്ള ഇറക്കിന്റെ ഭാഗമാണ് കാർ ഇടിച്ച് തകർത്തത്. ഇന്നലെ വെളുപ്പിന് ഒന്നോടെയാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ ഓടിച്ചുപോയി. അപകട സ്ഥലത്ത് നിന്നു കിട്ടിയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു പൊലീസ് വാഹന ഉടമ കരുനാഗപ്പള്ളി സ്വദേശി ഷംനാദ് ആണെന്ന് കണ്ടെത്തി. അപകടത്തിൽപ്പെട്ട കാറുമായി ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.