കായംകുളം . കാർ വർക്ക് ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനെ മൂന്നംഗസംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.30 ന് കൃഷ്ണപുരം ക്ഷേത്രത്തിന് സമീപമുള്ള വർക്ക്‌ഷോപ്പിലാണ് സംഭവം. കൃഷ്ണപുരം ശ്രീരാജ് ഭവനത്തിൽ രാമചന്ദ്രൻപിള്ള (65) യെയാണ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. വർക്ക്‌ഷോപ്പിൽ നേരത്തെ കൊടുത്ത ഒരു കാറിന്റെ താക്കോൽ ആവശ്യപ്പെട്ടാണ് രാമചന്ദ്രൻപിള്ളയുടെ അടുത്ത് ഇവർ എത്തിയത്. താക്കോൽ ഇല്ല എന്ന് പറഞ്ഞ് ഇവരെ തിരിച്ചയച്ചു.
കുറച്ച് സമയം കഴിഞ്ഞ് ഇവർ തിരികെ എത്തി കമ്പിവടികൊണ്ട് രാമചന്ദ്രൻ പിള്ളയുടെ തലയ്ക്കടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഘം രക്ഷപ്പെട്ടു. തലയ്ക്ക് സാരമായി പരിക്കേറ്റ രാമചന്ദ്രൻപിള്ളയെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.