മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളും കഥാപാത്രങ്ങളും എപ്പോഴും നമുക്ക് ചുറ്റുമുള്ളതായി അനുഭവപ്പെടാറുണ്ട്. കഥപറച്ചിലിലെ വ്യത്യസ്തതയ്ക്കു പുറമെ പാത്ര സൃഷ്ടിയിലെ തന്മയത്വവും പച്ചമനുഷ്യരായ കഥാപാത്രങ്ങളെക്കൊണ്ട് അദ്ദഹം പറയിക്കുന്ന സംഭാഷണങ്ങളുമാണ് നമ്മുടെ മനസിലേക്ക് ക്ഷണിക്കാതെ അവരെല്ലാം കടന്നുവരാൻ കാരണം. ആനവാരിയും പൊൻകുരിശുമൊക്കെ ഇപ്പോഴും നാം പോകുന്ന വഴികളിലെവിടെയൊക്കെയോ ഉണ്ട്. തന്റെ എഴുത്തിന്റെ ഊഷ്മളകാലഘട്ടത്തിൽ ആലപ്പുഴ നഗരത്തിൽ വൈക്കം മുഹമ്മദ് ബഷീർ എത്രയോ തവണ വന്നുപോയിരിക്കുന്നു. ആലപ്പുഴയുമായി ബന്ധപ്പെടുത്തി ഇപ്പോൾ ഇതെല്ലാം പരാമർശിക്കാൻ കാരണം , വൈക്കം മുഹമ്മദ് ബഷീർ സൃഷ്ടിച്ച , 'എട്ടുകാലി മമ്മൂഞ്ഞ് 'എന്ന കഥാപാത്രത്തിന്റെ കേട്ടുപതിഞ്ഞ ഒരു സംഭാഷണം മനസിലെത്തിയതിനാലാണ്.എന്ത് പറഞ്ഞാലും' അത് ഞമ്മന്റെയാ' എന്ന് അവകാശവാദം ഉന്നയിക്കുന്ന കഥാപാത്രം. പാറുക്കുട്ടി എന്ന ആനയുടെ ഗർഭത്തിന്റെ ഉടമസ്ഥാവകാശം പോലും മമ്മൂഞ്ഞ് ആർക്കും വിട്ടുകൊടുക്കുന്നില്ല. ആലപ്പുഴ ആകാശവാണി നിലയം അടച്ചുപൂട്ടാൻ തുടങ്ങിയപ്പോഴുണ്ടായ ചില സംഭവങ്ങളാണ് എട്ടുകാലി മമ്മൂഞ്ഞിലേക്ക് നയിച്ചതും.
ആലപ്പുഴ നിലയത്തിന് പ്രസാർഭാരതി ഭീഷണി
തിരുവനന്തപുരം മുതൽ തൃശൂർ വരെയും ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലി വരെയുമുള്ള ശ്രോതാക്കളിലേക്ക് ആകാശവാണി പരിപാടികൾ എത്തിക്കുന്നത് ആലപ്പുഴ നിലയം വഴിയാണ്. കാപ്പിറ്റൽ സ്റ്റേഷനായ തിരുവനന്തപുരത്തിന്റെ റിലേ സ്റ്റേഷൻ കൂടിയാണ് ആലപ്പുഴ. സമ്പൂർണ ഡിജിറ്റൈസേഷന്റെ ഭാഗമായി ആലപ്പുഴ നിലയത്തിൽ നിന്നുള്ള ഉപകരണങ്ങൾ മാറ്റുന്നു എന്നായിരുന്നു പ്രസാർ ഭാരതി ഉത്തരവ്. ഡിജിറ്റൈസേഷൻ നടപ്പാക്കിയ കർണാടകയിലടക്കം പുതിയ സാങ്കേതിക സംവിധാനത്തോടെയുള്ള ഉപകരണങ്ങൾ എത്തിച്ച ശേഷമാണ് പഴയവ നീക്കം ചെയ്തത്. എന്നാൽ ആലപ്പുഴയിലാകട്ടെ ഇത്തരം നീക്കങ്ങളൊന്നും ഉണ്ടായുമില്ല. ഹൈ കോർ ട്രാൻസ്മിറ്റർ പ്രവർത്തിക്കുന്ന ആലപ്പുഴയിൽ നിന്ന് പ്രക്ഷേപണം നിലയ്ക്കുന്ന നിമിഷം ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ശ്രോതാക്കൾക്കും തടസം നേരിടുമെന്ന് ഉദ്യോഗസ്ഥ തലപ്പത്തുള്ളവർക്ക് ബോദ്ധ്യമുള്ളതുമാണ്.
റേഡിയോ നിലയം പ്രവർത്തിക്കുന്നതിന് ഏറെ സ്ഥലം ആവശ്യമുണ്ട്. ആലപ്പുഴയിൽ 40 ഏക്കറോളം സ്ഥലമാണ് ട്രാൻസ്മിഷൻ സുഗമമാക്കുന്നതിന് ആകാശവാണിക്കുള്ളത്. പ്രധാനമന്ത്രിയുടെ 'മൻ കി ബാത്' അടക്കമുള്ള റേഡിയോ പരിപാടികൾ സാധാരണക്കാരിൽ എത്തിക്കാനുള്ള സംവിധാനം നിർത്തലാക്കാൻ പ്രധാന മന്ത്രിയും കേന്ദ്ര സർക്കാരും കൂട്ടു നിൽക്കുമോ എന്നതാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. ആലപ്പുഴ റിലേ സ്റ്റേഷനുമായി ബന്ധമില്ലാത്തതിനാൽ തൃശൂർ, കോഴിക്കോട് നിലയങ്ങളുടെ പ്രവർത്തനത്തെ ഇതൊന്നും ബാധിക്കുകയുമില്ല. വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ നിന്ന് നേരിട്ട് വാർത്താ പ്രക്ഷേപണമുണ്ടായിരുന്നതാണ്. ഏറെ സ്ഥല സൗകര്യമുള്ള ആലപ്പുഴ ആകാശവാണിയിൽ വാർത്താ പ്രക്ഷേപണം പുനരാരംഭിക്കുന്നതടക്കം വികസനത്തിനുള്ള നടപടികൾ ഭാവിയിൽ ഉണ്ടാവുമെന്ന് ജീവനക്കാർ മനപായസമുണ്ടിരിക്കുന്ന സമയത്താണ് പ്രസാർഭാരതി പായസത്തിൽ മണ്ണുവാരിയിട്ടത്. 'കാണാനഴകുള്ള പെണ്ണ് തെന്നിവീണാൽ താങ്ങിയെഴുന്നേൽപ്പിക്കാൻ ആൾക്കൂട്ട'മെത്തുംപോലെയാണ് കാര്യങ്ങൾ മാറിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കാലമാണല്ലോ, തൊട്ടു പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പും എത്തുന്നുണ്ടല്ലോ, മത്സരിക്കാൻ ആർക്കൊക്കെ , എവിടെയൊക്കെ നറുക്കു വീഴുമെന്ന് നിശ്ചയവുമില്ലല്ലോ. ആംബുലൻസ് എത്തു പോലെ എല്ലാവരുടെയും വാഹനങ്ങൾ കുതിച്ചു, പാതിരപ്പള്ളിയിലെ ആകാശവാണി നിലയത്തിന്റെ ഗേറ്റിലേക്ക്.ദേശീയ പാതയിലൂടെ തലങ്ങും വിലങ്ങും പായുമ്പോഴൊന്നും ഈ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കാത്ത മഹാന്മാരാണ് ഗദ്ഗദ കണ്ഠരായി എത്തിയത്.
ആരീഫ് ഗദ്ഗദം
പാർട്ടിയേതായാലും പറയാതിരിക്കാൻ വയ്യ, ആലപ്പുഴ ലോക് സഭാ മണ്ഡലപരിധിയിൽ എന്തു സംഭവമുണ്ടായാലും എ.എം.ആരീഫ് എം.പി അവിടെ പാഞ്ഞെത്തും.കൊവിഡ് ഭീതി തുടങ്ങിയ കാലത്ത് സ്വയം ക്വാറന്റൈൻ പ്രഖ്യാപിച്ച് വീട്ടിൽ ഒതുങ്ങിക്കൂടി മറ്റ് പൊതുപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും മാതൃക കാട്ടിയ സന്ദർഭമൊഴിച്ചാൽ എവിടെയും എപ്പോഴും ആരീഫ് എം.പി.ഉണ്ടാവും.
ആകാശവാണിയുടെ പ്രതിസന്ധി അറിഞ്ഞയുടൻ അവിടെയുമെത്തി ആരീഫ് സാർ.ചലച്ചിത്ര താരം മമ്മൂട്ടിയുടെ ആത്മാവ് ആവേശിച്ച ശബ്ദത്തിൽ അദ്ദേഹം തന്റെ സങ്കടവും ഉത്കണ്ഠയും ജീവനക്കാരെ അറിയിച്ചു. പിന്നെ ഫോണെടുത്ത് ഒറ്റവിളി, പ്രസാർഭാരതി ആസ്ഥാനത്തേക്ക്. (ആരെയാ വിളിച്ചതെന്ന് അദ്ദേഹത്തിനേ അറിയൂ).. ഏതായാലും ഒരാഴ്ചത്തേക്ക് നിലയം അടച്ചു പൂട്ടില്ലെന്ന ഉറപ്പു വാങ്ങിയാണ് ആരീഫ് എം.പി പിൻവാങ്ങിയത്. അമ്പതോളം ജീവനക്കാരും എം.പിയും ഒരേ താളത്തിൽ നിശ്വസിച്ചു.
ചെന്നിത്തല ഗദ്ഗദം
അന്യായം കണ്ടാൽ പൊട്ടിത്തെറിക്കുക, പ്രതികരിക്കുക തുടങ്ങിയ ശീലങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിറവിയിലേ ഉള്ളതാണ്. ഇപ്പോഴും കേരളത്തിലങ്ങോളം ഇങ്ങോളം അദ്ദേഹം അസ്വസ്ഥ ചിത്തനായി പാഞ്ഞു നടക്കുന്നതിന് കാരണവും ഇതു തന്നെ. മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ടാണ് ഈ ഓട്ടമെന്നൊക്കെ ദോഷൈകദൃക്കുകൾ പറയുമെങ്കിലും നിത്യേന നടത്തുന്ന അര ഡസൻ വാർത്താ സമ്മേളനങ്ങളിൽ പോലും അദ്ദേഹം ആരെയും കുറ്രപ്പെടുത്താറില്ല. ആലപ്പുഴ ആകാശവാണി നിലയത്തിന് പ്രതിസന്ധി നേരിട്ടപ്പോഴും അദ്ദേഹം വെറുതെയിരുന്നില്ല.വിശാലമായ തിരുനെറ്റിക്ക് ഇരുവശത്തും 996 വീതം നരയും കലങ്ങിചുവന്ന കണ്ണുകളും വിഷാദഭാവവുമായി, ആകാശവാണി സ്റ്റേഷൻ തുറക്കുമ്പോഴുള്ള ആ പരമ്പരാഗത സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ചെന്നിത്തല എത്തി , ആലപ്പുഴ നിലയത്തിൽ. കാര്യങ്ങൾ അന്വേഷിച്ചു.'ഇപ്പൊ ശെര്യാക്കിത്തരാം' എന്ന മട്ടിൽ അദ്ദേഹവും ഫോണെടുത്തു ഡെൽഹിക്ക് വിളിച്ചു.നിലയം അടച്ചുപൂട്ടിയാൽ ആലപ്പുഴയുടെ കാർഷിക മേഖലയിലും തിരദേശ മേഖലയിലും എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടാവുമെന്ന് അറിയാവുന്ന ഹിന്ദിയിലും പിന്നെ ഇംഗ്ളീഷിലുമായി അദ്ദേഹം വിശദീകരിച്ചപ്പോൾ, നിലയത്തിലെ ഉദ്യോഗസ്ഥർപോലും കണ്ണുതള്ളി. എന്തൊരത്ഭുതം, തൊട്ടു പിന്നാലെ എത്തി, ആകാശവാണി ആലപ്പുഴ നിലയം അടച്ചുപൂട്ടില്ലെന്ന അറിയിപ്പ് !വിജയീഭാവത്തിൽ ചെന്നിത്തല മടങ്ങിയപ്പോഴാണ് ചാനൽ വഴി ഇക്കാര്യം ആരീഫ് എം.പി അറിയുന്നത്. സഹിക്കുമോ. നിലയം അടയ്ക്കില്ലെന്ന് ചെന്നിത്തലയ്ക്കല്ല, തനിക്കാണ് ഉറപ്പുനൽകിയതെന്ന് ഫോൺകാൾ വിശദാംശങ്ങൾ സഹിതം അദ്ദേഹം അനുയായികളോട് ആണയിട്ടു. പിന്നെ അമാന്തിച്ചില്ല, എം.പിയുടെ പ്രസ്താവന എല്ലാ മാദ്ധ്യമ ഓഫീസുകളിലുമെത്തി.
ഇതുകൂടി കേൾക്കണെ
ഇതെല്ലാം കണ്ടും കേട്ടുമിരുന്നപ്പോൾ ഒരു സംശയം. യഥാർത്ഥത്തിൽ ആരാണ് നിലയം അടപ്പിക്കുന്നതിന് തടയിട്ടത്. എം.പിയാണോ, ചെന്നിത്തലയാണോ, അതോ വല്ല അദൃശ്യ ശക്തികളുമാണോ?