ഉപഭോക്താക്കളെ വലച്ച് ട്രഷറി സെർവർ തകരാർ
മണിക്കൂറുകളുടെ താമസം ദിവസങ്ങളിലേക്ക്
ആലപ്പുഴ: ട്രഷറികളിലെ സേവനം വൈകാതിരിക്കാനായി പരിഷ്കരിച്ച കോർ ബാങ്കിംഗ് ഉൾപ്പടെയുള്ള സംയോജിത ധനമാനേജ്മെന്റ് സംവിധാനത്തിലെ സെർവർ തകരാർ ജില്ല, സബ് ട്രഷറി ജീവനക്കാർക്കും ഉപഭോക്താക്കൾക്കും പൊല്ലാപ്പാകുന്നു. തിരുവനന്തപുരത്ത് സ്ഥാപിച്ചിരിക്കുന്ന സെൻട്രൽ സെർവർ കാര്യക്ഷമമല്ലാത്തതാണ് പ്രശ്നങ്ങളുടെ മൂല കാരണം.
സേവനങ്ങൾ ഓൺലൈനാകുന്നതോടെ ട്രഷറികളിലെ ക്യു എന്നന്നേക്കുമായി മാറിക്കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സെർവർ തകരാറിൽ നടപടികൾ ഇഴയുന്നതിനാൽ പെൻഷൻ വാങ്ങാനെത്തുന്ന വയോധികരടക്കം ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ട്രഷറിയിലെ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താനുള്ള ഒ.ടി.പി ലഭിക്കുന്നത് മുതൽ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. കേവലം അഞ്ച് മിനിറ്റ് കൊണ്ട് ചെയ്തു തീർക്കേണ്ട നടപടികൾക്ക് ചുരുങ്ങിയത് അരമണിക്കൂറെങ്കിലും കാലതാമസം നേരിടുന്നു. 2017 മുതൽ ഓൺലൈൻ സംവിധാനം നിലവിലുണ്ടെങ്കിലും കൊവിഡ് കാലത്താണ് ഇടപാടുകൾ വർദ്ധിച്ചത്. ഇത്രയധികം ഇടപാടുകൾ ഒരേസമയം കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ സെർവറിനില്ലെന്നാണ് ജീവനക്കാർ പരാതിപ്പെടുന്നത്.
പ്രശ്നം പരിഹരിക്കാൻ പല ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. മിക്ക ദിവസങ്ങളിലും ഉച്ചയോടെ മാത്രമേ കുറഞ്ഞ വേഗത്തിൽ സെർവർ സംവിധാനം പ്രവർത്തിച്ചു തുടങ്ങൂ. വിവിധ ആവശ്യങ്ങൾക്കെത്തി വരിനിന്ന് മുഷിഞ്ഞവരെ പിറ്റേ ദിവസം വീണ്ടുമെത്താൻ നിർദ്ദേശം നൽകി അയയ്ക്കുകയേ നിർവാഹമുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിവിധ വർക്കുകളുടെ ബില്ലുകൾ മാറാനെത്തുന്നവർ, സ്റ്റാമ്പ് പേപ്പറിനായി എത്തുന്ന വെണ്ടർമാർ, പെൻഷൻകാർ തുടങ്ങി വിവിധ വിഭാഗക്കാർ ഓൺലൈൻ തകരാർ മൂലം വലയുകയാണ്.
സ്റ്റാമ്പ് പേപ്പറിന് മൂന്ന് ദിവസം
ട്രഷറി അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസാക്ഷൻ വഴി പണമടച്ച് സ്റ്റാമ്പ് പേപ്പറുകൾക്കായി കാത്തിരുന്നത് മൂന്ന് ദിവസം വരെയാണെന്ന് നഗരത്തിലെ വെണ്ടർമാർ പറയുന്നു. മുൻപ് പണമടയ്ക്കുന്ന ദിവസം തന്നെ സ്റ്റാമ്പ് പേപ്പർ ലഭിച്ചിരുന്നു. നടപടികൾ പൂർണമായും ഓൺലൈനായതോടെയാണ് കാലതാമസം നേരിടുന്നത്. സി.ആർ.എ എന്ന സോഫ്റ്റ് വെയറാണ് സ്റ്റാമ്പ് പേപ്പർ ലഭിക്കാൻ ഉപയോഗിക്കുന്നത്. പണം അടച്ചിട്ടും പേപ്പർ ലഭിക്കാത്തത് വിവിധ രജിസ്ട്രേഷനുകളും തുടർനടപടികളും വൈകാൻ കാരണമാകുന്നുണ്ട്.
സബ് ട്രഷറി സേവനങ്ങൾ
സേവിംഗ്സ് ബാങ്ക്, ബില്ല്, പെൻഷൻ, ശമ്പളം, സ്റ്റാമ്പ് പേപ്പർ, ചെലാൻ
.
വയോധികർക്ക് രോഗഭീഷണി
70 ജീവനക്കാരാണ് ആലപ്പുഴ ജില്ല ട്രഷറിയിലുള്ളത്. ഓൺലൈൻ സംവിധാനം കാര്യക്ഷമമാണെങ്കിൽ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. സാമൂഹ്യ അകലം പാലിക്കേണ്ട കൊവിഡ് കാലത്ത് വയോധികരടക്കം സേവനം തേടി അടിക്കടി ട്രഷറികളിൽ എത്തേണ്ടിവരുന്നത് രോഗഭീഷണിക്കും കാരണമായേക്കും.
മിക്ക ദിവസങ്ങളിലും ഉച്ചയോടെ മാത്രമാണ് സെർവർ ലഭിച്ചു തുടങ്ങുന്നത്. ഹാജർ രേഖപ്പെടുത്താൻ പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. സെൻട്രൽ സെർവറിന്റെ സാങ്കേതിക പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. അല്ലാത്തപക്ഷം സബ് ട്രഷറികളിലെ സേവനങ്ങൾ പൊതുജനത്തിന് ലഭിക്കാൻ വീണ്ടും കാലതാമസം നേരിടും
ട്രഷറി ജീവനക്കാർ