
അമ്പത് കാമറകൾ നാലു മാസത്തിനുള്ളിൽ സ്ഥാപിക്കും
ആലപ്പുഴ : നിരത്തിലെ നിയമലംഘകരെ കുടുക്കാൻ കാമറ നിരീക്ഷണം ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്. ജില്ലയിലാകെ 50 ഒഫൻസ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കീഴിൽ അടുത്ത നാലുമാസത്തിനുള്ളിൽ പുതിയ സംവിധാനം പ്രവർത്തന സജ്ജമാകും.
കെൽട്രോണിനാണ് കരാർ. അടുത്ത മാസം ആദ്യം കാമറ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുമെന്ന് കെൽട്രോൺ അധികൃതർ പറയുന്നു. ജില്ലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സ്ഥാപിച്ചിട്ടുള്ള 40കാമറകൾക്ക് പുറമേയാണ് പകലും രാത്രിയിലും നിയമ ലംഘനം നടത്തുന്നവരെ കുടുക്കാൻ കഴിയുന്ന ആധുനിക സംവിധാനമുള്ള കാമറകൾ സ്ഥാപിക്കുന്നത്.
പ്രധാന ജംഗ്ഷനുകൾ തിരക്കേറിയ നഗരപ്രദേശങ്ങൾ, അപകട സോണുകൾ എന്നിവടങ്ങളിലാകും കാമറകൾ. ഇതിനായി താലൂക്ക് അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കി. നാലു ലക്ഷം രൂപയിൽ അധികം വിലവരുന്ന കാമറകളിൽ മൊബൈൽ സിം സംവിധാനവും ഉണ്ടാകും.
കൺട്രോൾ റൂം
കാമറകളുടെ ഏകീകരണത്തിന് അമ്പലപ്പുഴ ജംഗ്ഷനിൽ കൺട്രോൾ റൂം തുറക്കും. ഇതിനായി ബി.എസ്.എൻ.എൽ ഓഫീസിന്റെ മുറി മോട്ടോർവാഹന വകുപ്പ് വാടയ്ക്കെടുത്തു. കൺട്രോൾ റൂമിൽ ഒരു ജീവനക്കാരന് അഞ്ചു കാമറകൾ ഒരേ സമയം നിരീക്ഷിക്കാൻ കഴിയും. നിയമലംഘനം നടത്തിയ വാഹന ഉടമക്ക് നോട്ടീസ് നൽകും. ഒരുസ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് വേഗത്തിൽ മാറ്റാൻ കഴിയുന്ന ലളിതമായ രീതിയിലാണ് കാമറകൾ സ്ഥാപിക്കുക.
കുടുങ്ങുന്നവർ
സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കുന്നവർ
അമിതവേഗതയിൽ വാഹനം ഓടിക്കുക
ഹെൽമെറ്റ് ധരിക്കാത്തവർ
റെഡ്ലൈറ്റ് ലംഘനം
അലക്ഷ്യമായ ഡ്രൈവിംഗ്
ജില്ലയിലെ റോഡുകളിൽ കാമറകൾ
നിലവിലുള്ള കാമറകൾ : 40
മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചത് : 13
പൊലീസ് സ്ഥാപിച്ചത് : 27
നിലവിൽ പ്രവർത്തിക്കുന്നത് : 15
പുതിയതായി സ്ഥാപിക്കുന്നത് : 50
മിഴിയടച്ച് കാമറകൾ
മോഷണവും അപകടങ്ങളും വെല്ലുവിളി ഉയർത്തുമ്പോഴും 2008ൽ ജില്ലയിൽ പാതയോരത്തെ സ്ഥാപിച്ച സുരക്ഷ കാമറകളിൽ ഭൂരിപക്ഷവും കണ്ണ് തുറന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. ആകെയുള്ള 40 കാമറകളിൽ 15 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് കാമറകൾ പ്രവർത്തനരഹിതമായത്. ഓരോ ആറ് മാസം കൂടുമ്പോഴും കാമറകളുടെ അറ്റകുറ്റപ്പണികൾക്കായി മേലധികാരികൾക്ക് കത്തെഴുതി അധികൃതർ മടുത്തു. പല കേസുകൾക്കും നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ആശ്രയിക്കുന്നത് നിരത്തുകളിലെ നിരീക്ഷണ കാമറകളെയായിരുന്നു. ഇപ്പോൾ സ്വകാര്യ വ്യക്തികൾ വീടുകളിലും വ്യാപാരശാലകളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറകളെയാണ് അന്വേഷണ ഏജൻസി ആശ്രയിക്കുന്നത്.
"നിലവിലുള്ള കാമറകൾ എല്ലാ പ്രവർത്തന സജ്ജമല്ല. കാമറകളുടെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് ഇല്ലാത്തതാണ് പ്രശ്നം. ഒഫൻസ് ഡിറ്റകഷൻ കാറമകൾ സ്ഥാപിക്കുന്ന കരാറിൽ പത്ത് വർഷത്തെ വാർഷിക അറ്റകുറ്റപ്പണികളും മറ്റ് തകരാറും പരിഹരിക്കുന്ന വ്യവസ്ഥയുണ്ട്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ