s

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ നടത്തുന്ന യോഗങ്ങൾ മുൻകൂട്ടി അറിയിച്ചിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികൾ തടസ്സപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണം. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്‌തോ നേരിട്ടോ രേഖാമൂലമായോ ചോദ്യങ്ങൾ ഉന്നയിച്ചോ മറ്റൊരു കക്ഷി സംഘടിപ്പിക്കുന്ന പൊതു യോഗങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ പാടില്ല. യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഇല്ല എന്ന് രാഷ്ട്രീയകക്ഷിയോ സ്ഥാനാർത്ഥിയോ ഉറപ്പുവരുത്തണം.

തടവും പിഴയും ശിക്ഷ

പൊതുയോഗങ്ങൾ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നു മാസംവരെ തടവോ ആയിരം രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.

എല്ലാവർക്കും തുല്യാവകാശം!

സർക്കാരിന്റേയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഹാളുകളിൽ യോഗങ്ങൾ നടത്താൻ അനുവദിക്കുകയാണെങ്കിൽ അപ്രകാരം യോഗങ്ങൾ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകണം. ഇത്തരം യോഗങ്ങൾ അവസാനിച്ചാൽ ഉടൻ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചാരണ സാമഗ്രികളും സംഘാടകർ നീക്കം ചെയ്യണം.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല

.