ആലപ്പുഴ: നഗരത്തിൽ ചുങ്കപ്പാലത്തിന് സമീപമുള്ള പുരയിടത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി പരാതി. വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികൾ ഉപയോഗിച്ചതും, ഉപയോഗശൂന്യവുമായ പ്ലാസ്റ്റിക്കുകളാണ് ചാക്കിലാക്കി പുരയിടത്തിൽ തള്ളുന്നത്. വെള്ളപ്പൊക്ക സമയത്ത് ചാക്ക് പൊട്ടിയൊഴുകുന്ന മാലിന്യങ്ങൾ പാടശേഖരങ്ങളിലും, ജനവാസമുള്ള പുരയിടങ്ങളിലും ചെന്നടിയുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കൃഷിക്ക് വേണ്ടി ഒരുക്കിയിടുന്ന പാടശേഖരങ്ങളിലടക്കം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടിയുകയാണ്. അടുത്തിടെയായി മാസ്ക്കും ഗ്ലൗസുമടക്കമുള്ള മാലിന്യങ്ങളും പ്രദേശത്ത് തള്ളുന്നതായി ജനങ്ങൾ പരാതിപ്പെടുന്നു. ആരോഗ്യവകുപ്പിന്റെയും തദ്ദേശ വകുപ്പ് അധികൃതരുടെയും ഇടപെടൽ അടിയന്തരമായി വിഷയത്തിലുണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.