ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാൻ ശ്രമം
ആലപ്പുഴ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം ഇന്നു പൂർത്തിയാകും. ജില്ലാ പഞ്ചായത്തിലേക്ക് മാത്രമാണ് മൂന്ന് മുന്നണികൾക്കും ഒരു വിധം ഭംഗിയായി സീറ്റ് വിഭജനവും സ്ഥാനാർത്ഥി പ്രഖ്യാപനവും പൂർത്തിയാക്കാൻ കഴിഞ്ഞത്.നഗരസഭ, ബ്ളോക്ക് പഞ്ചായത്തുകളിൽ നിരവധി സീറ്റുകളിൽ ഇപ്പോഴും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു.
ഗ്രാമപഞ്ചായത്തുതലത്തിൽ മൂന്ന് മുന്നണികളും ഒരു പോലെ കുഴഞ്ഞിരിക്കുകയാണ്. പല ഗ്രാമപഞ്ചായത്തുകളിലും ഒരേ മുന്നണിയിലെ ഘടകക്ഷികളും ഒരേ പാർട്ടിയിലെ നേതാക്കളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇടഞ്ഞു നിൽക്കുന്നവരെ പത്രിക പിൻവലിക്കാനുള്ള ദിവസത്തിനുള്ളിൽ അനുനയിപ്പിക്കുന്നതാണ് മുന്നണികളുടെ വെല്ലുവിളി.
ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വല്ലാതെ നീണ്ടുപോകാൻ കാരണം തമ്മിലടിയാണ് .കോൺഗ്രസിൽ ഒരേ സീറ്രിൽ ഒന്നിലധികം പേർ അവകാശവാദം ഉന്നയിച്ചു. പ്രവർത്തന മികവ്, കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യം, സാമുദായിക സമവാക്യം, ഘടകകക്ഷികളുടെ അവകാശവാദം ഇതെല്ലാം പരിഗണിച്ച് വേണം പ്രഖ്യാപനമെന്നതായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വലിയ തലവേദന.ഒരു പരുവത്തിൽ സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയാൽ ജില്ലാ നേതൃത്വം രക്ഷപ്പെട്ടു. കാലുവാരലടക്കമുള്ള അനന്തരക്രിയകൾ മോഹഭംഗം സംഭവിക്കുന്നവർ നോക്കിക്കൊള്ളും.
കായംകുളം നഗരസഭയിൽ എൽ.ഡി.എഫിനും ചില്ലറ പ്രതിസന്ധികളുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം പൂർണ്ണാർത്ഥത്തിൽ തീർക്കാനായത്. എൻ.ഡി.എ യെ സംബന്ധിച്ച് മാവേലിക്കര, ചെങ്ങന്നൂർ അസംബ്ളി മണ്ഡലങ്ങളിലെ ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിലാണ് ഇപ്പോഴും ഒത്തുതീർപ്പ് സാദ്ധ്യമാവാത്തത്.ബി.ഡി.ജെ.എസുമായുള്ള തർക്കമാണ് തടസം. ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനത്തിൽ കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്തതിനാൽ തങ്ങൾക്ക് കൂടുതൽ സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങളിലെയും ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിൽ വർദ്ധിച്ച പ്രാതിനിധ്യം വേണമെന്നതാണ് ബി.ഡി.ജെ.എസ് നിലപാട്.
23 ന് മുമ്പ് ഒരു കരയ്ക്കെത്തണം
നവംബർ 23-നാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. അതിന് മുമ്പായി ഏതു വിധേനയും ഒത്തുതീർപ്പിലെത്തേണ്ടത് വിജയത്തിന് അനിവാര്യമാണ് .മാത്രമല്ല, സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായ ശേഷമെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും കഴിയൂ. കൊവിഡ് നിയന്ത്രണങ്ങൾ കാരണം മുൻ തിരഞ്ഞെടുപ്പുകളിലെപ്പോലെ കാടിളക്കിയുള്ള പ്രചാരണത്തിന് സാദ്ധ്യതയുമില്ല. എന്നാൽ സോഷ്യൽ മീഡിയ വഴി ഈ പരിമിതികൾ മറികടക്കാൻ നേരത്തെ കളത്തിലിറങ്ങിയ സ്ഥാനാർത്ഥികളും നിരവധിയാണ്.