s

തിരഞ്ഞെടുപ്പിൽ ചിഹ്നങ്ങൾക്കുമുണ്ട് പ്രാധാന്യം

ആലപ്പുഴ: പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇടഞ്ഞോ ഇടയാതെയോ 'സ്വതന്ത്ര' വിലാസത്തിൽ മത്സരിക്കുന്നവരെ ശ്രദ്ധേയരാക്കുന്നതിൽ വ്യക്തിത്വത്തിനൊപ്പം അവർക്ക് അനുവദിച്ചു കിട്ടുന്ന ചിഹ്നങ്ങൾക്കും പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റിലുള്ള 75 ചിഹ്നങ്ങളിൽ ഇഷ്ടപ്പെട്ടതു തന്നെ കിട്ടണമെന്ന് വാശിപിടിക്കാൻ ഒരു സ്വതന്ത്രനും അവകാശമില്ല. നറുക്കെടുപ്പിലൂടെ ചിഹ്നം കയ്യിലെത്തുമ്പോൾ മാത്ര‌മേ, കൊതിച്ചതും വിധിച്ചതും തമ്മിലുള്ള അന്തരം അളക്കാനാവൂ.

മധുരമൂറും മണം പരത്തുന്ന റോസാപ്പൂവ് മുതൽ എരിയുന്ന പന്തം വരെയുണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്വതന്ത്രർക്കു വേണ്ടി കമ്മിഷൻ പരസ്യപ്പെടുത്തിയ ചിഹ്നങ്ങളിൽ. സ്ഥാനാർത്ഥിക്ക് കൃഷിയിൽ താത്പര്യമുണ്ടെങ്കിൽ 'വിളവെടുക്കുന്ന കർഷകനു' വേണ്ടി ശ്രമിക്കാം. കുപ്പിയാണ് കിട്ടുന്ന ചിഹ്നമെങ്കിൽ വോട്ടർമാർ ലേശം സംശയിക്കാൻ സാദ്ധ്യതയുണ്ട്! മൊബൈലിനോട് താത്പര്യമുള്ളവർക്ക് മൊബൈൽ ഫോൺ ആവശ്യപ്പെടാം. കായിക പ്രേമികൾക്കായി ക്രിക്കറ്റ് ബാറ്റ്, ഫുട്ബാൾ, ടെന്നീസ് റാക്കറ്റ്, ഹോക്കി സ്റ്റിക്കും പന്തും എന്നിവയുണ്ട്. വയലിൻ, ഹാർമോണിയം തുടങ്ങിയവയാണ് സംഗീതപ്രേമികളെ കാത്തിരിക്കുന്നത്. ഫലം വരുമ്പോൾ പൊട്ടുമെന്ന് ഉറപ്പുള്ളവർ 'ബലൂൺ' തിരഞ്ഞെടുക്കാതിരിക്കുന്നതാവും നന്ന്! അടിതടയിൽ താത്പര്യമുള്ളവർക്ക് വാളും പരിചയും ആവശ്യപ്പെടാം. ഇങ്ങനെ, ബഹുവിധ ഇഷ്ടങ്ങൾ സ്വാംശീകരിച്ച ലിസ്റ്റാണ് കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്.

ഉദ്ദേശിച്ച ചിഹ്നം ലഭിക്കാത്തത് പല സ്ഥാനാർത്ഥികളെയും നിരാശപ്പെടുത്താറുണ്ട്. സാമ്യമുള്ള ചിഹ്നങ്ങൾ മൂലം തോൽവിയുടെ കയ്പ്പുനീ‌ർ കുടിച്ച സ്ഥാനാർത്ഥികളും നിരവധി. ഒരേ ചിഹ്നത്തിന് ഒന്നിലധികം ആവശ്യക്കാർ വന്നാൽ നറുക്കെടുപ്പിലൂടെ പരിഹാരം കാണും. എഴുത്തും വായനയും അറിയാത്ത വോട്ടർമാരെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്ന നല്ല ഉദ്ദേശവും ചിഹ്നങ്ങൾക്ക് പിന്നിലുണ്ട്.

ലീഡർ പറഞ്ഞു, പോയി ടി.വി കാണൂ!

ചിഹ്നങ്ങൾ വൈകാരിക പ്രശ്നമായി മാറുന്നതിനും കേരളത്തിലെ വോട്ടർമാർ സാക്ഷികളാണ്. കെ.എം.മാണിയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിലയും പൈനാപ്പിളുമൊക്കെ ചർച്ചയായ ചിഹ്നങ്ങളായിരുന്നു. ചിഹ്നത്തിന്റെ രാഷ്ട്രീയം ഏറെ തീഷ്ണമായത് 1997ൽ നടന്ന എറണാകുളം ഉപതിരഞ്ഞെടുപ്പിലാണ്. എൽ.ഡി.എഫ് സ്വതന്ത്രനായി സെബാസ്റ്റ്യൻ പോൾ ടെലിവിഷൻ ചിഹ്നത്തിലാണ് ജനവിധി തേടിയത്. അന്ന് കോൺഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന കെ.കരുണാകരൻ 'എല്ലാവരും പോയി ടി.വി കാണൂ' എന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് മണ്ഡലത്തിൽ ചലനം സൃഷ്ടിച്ചു. അന്ന് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ടെലിവിഷൻ ചിഹ്നത്തിലൂടെ ഇടത് പാളയത്തിലെത്തിയത് ചരിത്രം.

ഇവയാണ് ചിഹ്നങ്ങൾ

അലമാര, ആന്റിന, ആപ്പിൾ, ഓട്ടോറിക്ഷ, മഴു, ബലൂൺ, ബെഞ്ച്, ബ്ലാക്ക് ബോർഡ്, കുപ്പി, ബ്രീഫ് കെയ്സ്, ബ്രഷ്, തൊട്ടി, കാമറ, മെഴുകുതിരികൾ, കാർ, കാരംബോർഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കർഷകൻ, കപ്പും സോസറും, മൺകലം, ഇലക്ട്രിക് സ്വിച്ച്, എരിയുന്ന പന്തം, ഓടക്കുഴൽ, ഫുട്ബാൾ, ഗ്യാസ് സ്റ്റൗവ്, മുന്തിരിക്കുല, ഹാർമോണിയം, ഹെൽമറ്റ്, ഹോക്കി സ്റ്റിക്കും പന്തും, കുടിൽ, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റിൽ, പട്ടം, ലാപ്ടോപ്, എഴുത്തു പെട്ടി, താഴും താക്കോലും, മാങ്ങ, മൊബൈൺ ഫോൺ, പൈനാപ്പിൾ, കലപ്പ, പ്രഷർ കുക്കർ, തീവണ്ടി എൻജിൻ, മോതിരം, റോസാ പൂവ്, റബ്ബർ സ്റ്റാമ്പ്, കത്രിക, സ്കൂട്ടർ, തയ്യൽ മെഷീൻ, കപ്പൽ, സ്ലേറ്റ്, സ്റ്റെതസ്കോപ്പ്, സ്റ്റൂൾ, മേശ, ടേബിൾഫാൻ, മേശ വിളക്ക്, ടെലിഫോൺ, ടെന്നിസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ്, കോർത്തിരിക്കുന്ന രണ്ടു വാൾ, രണ്ടു വാളും ഒരു പരിചയും, കുട, വയലിൻ, പമ്പ്, ടാപ്പ്, വിസിൽ, ജനൽ