ആലപ്പുഴ: കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ട നിർദേശങ്ങളുമായി പൊലീസ് രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു അറിയിച്ചു.
# നിർദ്ദേശങ്ങൾ
കൊവിഡ് പോസിറ്റീവായ രോഗികളോ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളോ ഉള്ള വീടുകളിൽ നേരിട്ട് പോകാതെ ഓൺലൈനായോ ഫോൺ വഴിയോ വോട്ട് അഭ്യർത്ഥിക്കാം
അഞ്ച് പേരിൽ കൂടുതൽ ഒരു വീട്ടിൽ ഒരേ സമയം എത്തരുത്
വീടുകളിൽ നേരിട്ട് പ്രചാരണം നടത്തുന്നവർ ഒരു കാരണവശാലും വീടിനകത്തേക്ക് പ്രവേശിക്കരുത്. പ്രചരണത്തിലുള്ളവർ പരസ്പരവും വീട്ടുകാരുമായും സാമൂഹിക അകലം പാലിക്കണം
പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ പരാമാവധി ഒഴിവാക്കുക
ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം
പ്രചാരണത്തിന് നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സാമൂഹ്യ മാദ്ധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം
വീടുകളിൽ എന്തെങ്കിലും വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിനു ശേഷം തിരഞ്ഞെടുപ്പ് പ്രവർത്തകരും വീട്ടുകാരും കൈ അണുമുക്തമാക്കണം
റോഡ് ഷോ, വാഹന റാലി എന്നിവയിൽ പരമാവധി മൂന്ന് വാഹനങ്ങൾ ഉപയോഗിക്കുക. എ സി വാഹനങ്ങൾ ഒഴിവാക്കുക
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പ്രചാരണത്തിന് ഇറങ്ങരുത്
പ്രചാരണത്തിൽ പങ്കെടുക്കുന്ന എല്ലാവരും ഇടയ്ക്കിടെ കൈ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം
പ്രചാരണത്തിന് ഇറങ്ങുന്നവർ സ്വന്തം വീട്ടിലും മാസ്‌ക് ഉപയോഗിക്കണം