ദേശീയപാതയോരത്തെ നിരീക്ഷണ കാമറകൾ നോക്കുകുത്തി
അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരി മുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ മത്സ്യത്തൊഴിലാളി മരിക്കാനിടയായ അപകടമുണ്ടാക്കി കടന്നുകളഞ്ഞ കാർ കണ്ടെത്താൻ പൊലീസ് നെട്ടോട്ടത്തിൽ. പൊലീസും അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തും സ്ഥാപിച്ച കാമറകളിലൊന്നും കാറിന്റെ ദൃശ്യം പതിഞ്ഞില്ല. ഇതോടെ ഈ കാമറകളൊക്കെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളാണെന്നും വ്യക്തമായി.
പുന്നപ്ര തെക്ക് പഞ്ചായത്ത് 17-ാം വാർഡ് അറയ്ക്കൽ ജസ്റ്റിൻ (ബാബുക്കുട്ടൻ-53) ആണ് മത്സ്യബന്ധനം കഴിഞ്ഞു പായൽകുളങ്ങരയിൽ നിന്ന് വരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കച്ചേരി മുക്കിലെ ഡിവൈഡറിനു സമീപം കാറിടിച്ച് മരിച്ചത്. വന്നവേഗത്തിൽ പാഞ്ഞുപോയ കാർ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഇതുവരെ ലക്ഷ്യത്തിലെത്തിയില്ല. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ വക കാമറയുടെ മോണിറ്റർ പ്രവർത്തിക്കാറില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽ നിന്നാണ് മുമ്പ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. ജസ്റ്റിന്റെ മരണത്തിനിടയാക്കിയ വാഹനം കടന്നുപോയ ഭാഗങ്ങളിലെ കാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇതിനുമുമ്പു നടന്ന അപകടങ്ങളുടെയും തെളിവുകൾ ശേഖരിക്കാൻ പൊലീസിനെ കാമറകൾ സഹായിച്ചിട്ടില്ല.
അപകടരഹിത മാലിന്യ രഹിത പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയപാതയോരങ്ങളിൽ 39 ലക്ഷത്തിലധികം ചെലവിൽ 38 നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയായ കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 19 കിലോമീറ്ററിലാണ് കാമറകൾക്ക് സ്ഥാനം നിശ്ചയിച്ചത്. ഇതിൽ പലതും പ്രവർത്തിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡാണ് (സിൽക്ക്) കാമറകൾ സ്ഥാപിച്ചത്.
മോണിട്ടറുകൾ നോക്കുകുത്തി
കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, 5 ഗ്രാമ പഞ്ചായത്ത് ഓഫീസുകൾ, പുന്നപ്ര, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ലഭിക്കത്തക്ക രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇതിനായി സ്ഥാപിച്ച മോണിറ്ററുകൾ പലതും പ്രവർത്തിക്കുന്നില്ല. സിഗ്നൽ സംവിധാനത്തിലെ തടസങ്ങളാണ് കാരണം. ഇത് പരിഹരിക്കാൻ കരാർ കമ്പനി ജീവനക്കാർ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
.......................
നിരീക്ഷണ കാമറകൾക്കു വേണ്ടി പണം മുടക്കിയത് വെറുതെയായി. അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടാത്ത കാമറകൾ ആർക്കുവേണ്ടിയാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല
(നാട്ടുകാർ)