ചേർത്തല: തണ്ണീർമുക്കം പഞ്ചായത്തിലെ 55 ഏക്കർ വരുന്ന പോതിമംഗലം പാടത്ത് മടവീണ് വ്യാപക കൃഷിനാശം. വിത കഴിഞ്ഞ് 5 മുതൽ 15 ദിവസം വരെ പ്രായമായ നെൽ ചെടികൾ പൂർണമായും നശിച്ചു.
കഞ്ഞിക്കുഴി ബ്ലോക്കിന് കീഴിൽ നെൽക്കൃഷി നടത്തുന്ന ഏറ്റവും വലിയ പാടശേഖരമാണിത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ സ്കൂൾ കവലയ്ക്ക് കിഴക്ക് വേമ്പനാട്ട് കായലിനോട് ചേർന്നുകിടക്കുന്ന ഈ പാടശേഖരത്തിൽ വേലിയേറ്റം കനത്തതോടെ ചൊവ്വാഴ്ച രാത്രിയാണ് തൊട്ടടുത്ത മാക്കീതോട്ടിൽ നിന്നു ബണ്ടടക്കം തകർത്ത് വെള്ളമെത്തിയത്. കുത്തൊഴുക്കിൽ വശങ്ങളിലെ കൽക്കെട്ടുകളും തകർന്നുവീണു. 2018ലെ പ്രളയത്തിൽ വെള്ളം കയറി തകർന്ന മോട്ടോർഷെഡും അനുബന്ധ സംവിധാനങ്ങളും വലിയ തുക ചെലവഴിച്ച് ഏറെനാൾ പണിപ്പെട്ടാണ് കർഷകർ പുന:സ്ഥാപിച്ചത്. ഇനിയും പണം മുടക്കി പുഞ്ചക്കൃഷിയിറക്കുന്നത് ബുദ്ധിമുട്ടായതിനാൽ സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും അടിയന്തര സഹായം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
പഞ്ചായത്തിന്റെ 'കതിർമണി' പദ്ധതിപ്രകാരമാണ് ഈ മാസമാദ്യം കൃഷി ആരംഭിച്ചത്. നിലവിൽ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്നും സർക്കാർ ഇടപെടൽ അത്യാവശ്യമാണെന്നും കർഷകർ പറയുന്നു.