ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തിന് ഇരുവശത്തും ചെമ്മീൻ തോട് ഉണക്കുന്നതു കാരണം പരിസര വാസികൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. മത്സ്യതൊഴിലാളികളുടെയും പീലിംഗ് തൊഴിലാളികളുടെയും തൊഴിലുമായി ബന്ധപ്പെട്ടതല്ല ചെമ്മീൻ തോട് ഉണക്കൽ. പ്രദേശവാസികളുടെയും വിനോദ സഞ്ചാരികളുടെയും ആരോഗ്യം കണക്കിലെടുക്കേണ്ടതുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തോട്ടപ്പള്ളി സ്വദേശി പി.സാബു സമർപ്പിച്ച പരാതിയിലാണ് നടപടി.