കുട്ടനാട്: വേലിയേറ്റം പതിവായതോടെ കാവാലം കൃഷിഭവന് കീഴിലെ കായൽതുരുത്ത് പാടശേഖരത്തിന്റെ ബണ്ടിൽ താമസക്കാരനായ കാവാലം നാലായിരത്തിൽചിറ സജിയുടെ, നിർമ്മാണം പാതിവഴിയിലെത്തിയ വീട് ഏതു നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലായി.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന വേലിയേറ്റത്തെ തുടർന്ന് അടിത്തറയിലെ മണ്ണ് വൻതോതിൽ ഒലിച്ചുപോയതോടെ വീട് ഒരു ഭാഗത്തേക്ക് ചരിഞ്ഞു. 2017ൽ സർക്കാരിൽ നിന്ന് ലഭിച്ച മൂന്ന് ലക്ഷം രൂപയുടെ സഹായത്തിലായിരുന്നു വീടിന്റെ നിർമ്മാണം. കൂലിപ്പണിക്കാരനായ സജിയുടെ വീടിരിക്കുന്ന സ്ഥലത്തേക്ക് റോഡോ നല്ലൊരു നടപ്പാതയോ ഇല്ലാത്തതിനാൽ നിർമ്മാണ സാമഗ്രികൾ കൊണ്ടുവരാനും ഏറെ പണം ചെലവായിരുന്നു. ജോലിക്കൂലി ഇരട്ടിയായതോടെ നിർമ്മാണം പാതിവഴിയിൽ മുടങ്ങി. സമീപത്തെ തോട്ടിൽ നിന്ന് വെള്ളം പാടത്തേക്ക് വീട്ടുമുറ്റത്തുകൂടി കുത്തിയൊഴുകുന്നത് പതിവായതോടെ വീടിന്റെ വശങ്ങളിലെ മണ്ണ് പൂർണ്ണമായും ഒലിച്ചുപോകുകയായിരുന്നു.
വീട് ഇപ്പോൾ പൂർണ്ണമായും പൊളിച്ചു നിർമ്മിക്കേണ്ട സ്ഥിതിയാണ്. ആകെയുള്ള അഞ്ച് സെന്റിൽ സ്ഥലത്ത് ഷെഡ് വെച്ചാണ് സജിയും കുടുംബവും കഴിഞ്ഞുവരുന്നത്. വേലിയേറ്റം ശകതമായതോടെ ഈ ഷെഡിൽ ഒരടിയോളം വെള്ളം നിറയുന്നതിനാൽ വല്ലാത്ത ദുരിതമാണ്. പാടശേഖരത്തിൽ കൃഷി ആരംഭിക്കുമ്പോൾ തങ്ങളുടെ പുരയിടത്തിലേക്ക് വെള്ളം കയറാത്ത തരത്തിൽ താത്കാലിക ബണ്ട് നിർമ്മിക്കണമെന്ന് പാടശേഖരസമിതിയോട് പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ലെന്ന് സജി പറയുന്നു.