അരൂർ: ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി നിയന്ത്രണം തെറ്റി മീഡിയനിൽ ഇടിച്ചു മറിഞ്ഞ പിക്കപ്പ് വാനിൽ മിനിലോറിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡൈവർ എറണാകുളം ഗാന്ധിനഗർ സ്വദേശി മുത്തുകുമാർ (39), മിനിലോറി ഡ്രൈവർ കന്യാകുമാരി ടുവിയൂർ കോളനിയിൽ സാമുവൽ ബ്രൈറ്റ് (23) എന്നിവർക്കാണ് പരിക്ക്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ മീഡിയനിലെ വൈദ്യുതി വിളക്ക് ഇടിച്ചു തെറിപ്പിച്ചാണ് മറിഞ്ഞത്. കൊച്ചിയിൽ മീനിറക്കി കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന മിനിലോറി മറിഞ്ഞ വണ്ടിയിൽ ഇടിച്ചു നിയന്ത്രണം തെറ്റി സമീപത്ത് നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഇടിച്ച ശേഷം മതിലിലിടിച്ച് നിന്നു. പിന്നിൽ വന്ന മറ്റൊരു കാറും പിക്കപ്പ് വാനിൽ ഇടിച്ചെങ്കിലും ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് റോഡിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. അരൂർ അഗ്നിശമന സേനയും പൊലീസും എത്തി മറിഞ്ഞ വാൻ റോഡിൽ നിന്ന് നീക്കി.