s

നവമാദ്ധ്യമ തരംഗത്തിൽ അച്ചട‌ി പ്രസുകൾ കിതയ്ക്കുന്നു

ആലപ്പുഴ: കൊവിഡിനെ മറികടക്കാനുള്ള സുവർണാവസരമായി തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വപ്നം കണ്ട പ്രിന്റിംഗ് പ്രസുകാർക്ക് നവമാദ്ധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത് ഒന്നൊന്നൊര പണി! പൊതുയോഗങ്ങളും വീടുകയറി​യുള്ള വോട്ടുപി​ടി​ത്തവും നോട്ടീസ് വി​തരണവുമൊന്നും കഴി​ഞ്ഞ കാലഘട്ടങ്ങളി​ലേതുപോലെ വിശാലമായി നടക്കുമെന്ന് പ്രതീക്ഷയി​ല്ല. സാമൂഹ്യ മാദ്ധ്യമങ്ങളുടെ സാദ്ധ്യതകളും ഡിജിറ്റൽ പ്രിന്റിംഗും പരമാവധി​ പ്രയോജനപ്പെടുത്താൻ സ്ഥാനാർത്ഥി​കളും പാർട്ടി​കളി​ലെ ​​​'യുവതന്ത്ര​ജ്ഞ'രും ശ്രമിക്കുമ്പോൾ അവസരം നഷ്ടപ്പെടുന്നത് സാദാ പ്രസുകാർക്കാണ്.

സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ നവമാദ്ധ്യമങ്ങിലൂടെയുള്ള വോട്ട് അഭ്യർത്ഥന സജീവമാക്കിയിരിക്കുകയാണ്. ലോക്ക്ഡൗൺ തുടങ്ങിയതോടെ പ്രസുകൾ പ്രതിസന്ധിയിലായിരുന്നു. ഒട്ടുമിക്ക ചെറുകിട അച്ചടി പ്രസുകളിലും, മിക്കവാറും മുതലാളി തന്നെയാവും തൊഴിലാളിയും. സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലാളികൾ പലരും കൊഴിഞ്ഞു പോയതോടെയാണിത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രസുകൾ സജീവമാകുമെന്ന പ്രതീക്ഷയാണ് നവമാദ്ധ്യമങ്ങൾ ചുഴറ്റിയെറിയുന്നത്.

പണ്ട് തിരഞ്ഞെടുപ്പ് നാളുകൾ പ്രസുകാർക്ക് രാപ്പകൽ ഇല്ലാത്ത തിരക്കിന്റേതായിരുന്നു. നോട്ടീസ്,ബ്രോഷറുകൾ,തൊപ്പി-ടീഷർട്ട് പ്രിന്റിംഗ് എന്നിവയ്ക്ക് സ്ഥാനാർത്ഥികൾ ക്യൂ നിൽക്കുമായിരുന്നു. ഇത്തവണ പണ്ടത്തേതിന്റെ പകുതിയിൽ താഴെ ഒാർഡറുകളാണ് പല പ്രസുകൾക്കും കിട്ടുന്നത്. ലോക്ക്ഡൗണിന് മുമ്പ് ദിവസം ശരാശരി 10,000 രൂപയുടെ ജോലി നടന്നിരുന്ന പ്രസുകളിൽ നിലവിൽ 3000 രൂപയിൽ താഴെയാണ് വരുമാനം. ബുക്ക് പ്രിന്റിംഗുകളാണ് പ്രസുകളുടെ പ്രധാന വരുമാന മാർഗം.

കടമില്ല, രൊക്കം

തിരഞ്ഞെടുപ്പ് കാലത്ത് വെളുക്കെ ചിരിച്ച്, സുഖിപ്പിച്ച് ഓർഡറുകൾ നൽകുന്നവർ കാശിന്റെ കാര്യം വരുമ്പോൾ ഗോഷ്ടി കാണിക്കുന്ന പതിവ് ഇക്കുറി നടന്നെന്നു വരില്ല. നാമമാത്രമായ ഓർഡറുകളും കൊവിഡ് പ്രതിസന്ധിയും തന്നെ കാരണം. പേപ്പർ ഉൾപ്പെടെയുള്ള പ്രിന്റിംഗ് സാമഗ്രികൾ വാങ്ങിവയ്ക്കാൻ പ്രസുകാരുടെ 'ഖജനാവി'ൽ കരുതൽ ശേഖരം കുറവാണ്. പാർട്ടിക്കാരെ വിശ്വസിച്ച് നോട്ടീസ് അച്ചടിച്ചു കൊടുത്തു കഴിഞ്ഞാൽ, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇവരെ കണ്ടെത്തണമെങ്കിൽ കവടി നിരത്തേണ്ടി വരുമെന്നാണ് പ്രസുകാർ പറയുന്നത്! അതുകൊണ്ടുതന്നെ മുൻകാലങ്ങളിലെ അഡ്വാൻസ് തുകയ്ക്കു പകരം മുഴുവൻ തുകയും എങ്ങനെയെങ്കിലും ആദ്യംതന്നെ വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രസുകാർ.

ബാഗിലാക്കാം വോട്ട്

അച്ചടി പ്രസുകളിൽ തിരഞ്ഞെടുപ്പ് സമയത്ത് നോട്ടീസ്, ബ്രോഷറുകൾ, തൊപ്പി, ടീഷർട്ട് എന്നിവയുടെ പ്രിന്റിംഗുകൾ തകൃതിയായിരുന്നു. ഇത്തവണ ഇതിൽ നിന്ന് വ്യത്യസ്തമായി പേപ്പർ ബാഗ് പ്രിന്റിംഗ് രംഗത്തെത്തിയിട്ടുണ്ട്. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പേപ്പർ കാരി ബാഗിൽ വോട്ട് അഭ്യർത്ഥിക്കുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം. സ്ഥാനാർത്ഥിയുടെ മുഖവും ചിഹ്നവും വോട്ട് അഭ്യർത്ഥനയുമാവും പ്രിന്റ് ചെയ്യുന്നത്. നോട്ടീസുകൾ വലിച്ചെറിയുന്നത് പോലെ ബാഗുകൾ ഉപേക്ഷിക്കാന്നുള്ള സാദ്ധ്യതയില്ല, എതിർ സ്ഥാനാർത്ഥി നൽകിയതാണെങ്കിലും.

എല്ലാ തിരഞ്ഞെടുപ്പിലും അച്ചടി പ്രസുകൾക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടായിരുന്നു. ചെറുകിട പ്രസുകൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഓർഡറുകൾ വരെ ലഭ്യമായിടത്ത് ഒരു ലക്ഷം രൂപയുടെ വരുമാനം പോലും ഇതുവരെ കിട്ടിയിട്ടില്ല. നവമാദ്ധ്യമങ്ങളുടെ കുതിച്ചുചാട്ടമാണ് തിരിച്ചടിയായത്. 6 തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ ഒരു തൊഴിലാളി മാത്രമാണ് നിലവിലുള്ളത്.

(രാജു ജോസഫ്, ഫിംഗർ പ്രിന്റ്സ് പ്രസ് ഉടമ)