s

മിൽമ പാലിന്റെ അപരൻമാർ അരങ്ങു തകർക്കുന്നു

ആലപ്പുഴ: മിൽമയുടേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള കവറിൽ പാൽ നിറച്ച് വിപണിയിലെത്തിക്കുന്ന സ്വകാര്യ കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിക്കുന്നു. മിൽമ 4 ശതമാനം കമ്മിഷൻ നൽകുമ്പോൾ ഇരട്ടിയിലേറെ കമ്മിഷൻ ഈ കമ്പനികൾ നൽകുന്നതിനാൽ കച്ചവടക്കാർക്കും താത്പര്യം വ്യാജ കവർപാലിനോടെന്നത് യാഥാർത്ഥ്യം. എങ്കിലും കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് മൂന്ന് ശതമാനം പാൽ വില്പന വർദ്ധിച്ചതായി മിൽമ അവകാശപ്പെടുന്നു.

കവറിന്റെ നിറം, അക്ഷരങ്ങളുടെ ആകൃതി, വില എന്നിവ സമാനമാക്കിയാണ് സ്വകാര്യ കമ്പനികൾ മിൽമയ്ക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം കമ്പനികൾക്കെതിരെ മിൽമ നിയമ നടപടിയും ബോധവത്കരണവും നടത്തുന്നുണ്ട്.എങ്കിലും സമാന്തര പാൽ കമ്പനികൾ വിപണിയിൽ നിന്ന് പിൻമാറിയിട്ടില്ല.

ഒരു ലിറ്റർ പാലിന് 46 രൂപയാണ് മിൽമയടക്കം എല്ലാ കമ്പനികളും വാങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രതിദിനം ആവശ്യമായത് 4.5 ലക്ഷം ലിറ്റർ പാൽ ആണ്. ഇതിൽ 3.8 ലക്ഷം ലിറ്റർ ക്ഷീരസഹകരണ സംഘങ്ങൾ വഴി ശേഖരിക്കുന്നു. മലബാറിൽ നിന്ന് 40,000 ലിറ്ററും കർണ്ണാടകയിൽ നിന്ന് 30,000 ലിറ്ററും വാങ്ങിയാണ് ഈ ജില്ലകളിലെ പ്രതിദിന ആവശ്യം മിൽമ നിറവേറ്റുന്നത്.

വിറ്റുവരവിന്റെ 80 ശതമാനം തുകയും വിവിധ സബ്സിഡികളായി മിൽമ കർഷകർക്ക് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഒരുലക്ഷം ലിറ്റർ പാൽ ഉത്പാദനം വർദ്ധിച്ചു. മിൽമ ഉത്പന്നങ്ങളുടെ വിപണനം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പാഴ്സൽ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ മാതൃകയിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത് ശിക്ഷാർഹമാണ്.

മിൽമയുടേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള കവർപാൽ വിപണിയിൽ എത്തുന്നത് മിൽമയുടെ പാൽ വില്പനയെ ചെറിയതോതിൽ ബാധിച്ചിട്ടുണ്ട്. ഇത്തരം കമ്പനികൾക്കെതിരെ നിയമനടപടി സീകരിക്കും

കല്ലട രമേശ്, ചെയർമാൻ, മിൽമ തിരുവനന്തപുരം മേഖല

ആദ്യഘട്ടത്തിൽ ഉപഭോക്താക്കൾ വഞ്ചിതരായി. ഇതിനെതിരെ മിൽമയും മാദ്ധ്യമങ്ങളും നടത്തിയ ബോധവത്കരണം ഗുണകരമായിട്ടുണ്ട്

എം.ഡി, മിൽമ തിരുവനന്തപുരം മേഖല