വെറൈറ്റി പോസ്റ്ററുകൾ അണിയറയിൽ തയ്യാറാവുന്നു
ആലപ്പുഴ: കാസർകോട് ബേഡകം പഞ്ചായത്ത് മൂന്നാം വാർഡിലെ സി.പി.എം സ്ഥാനാർത്ഥി 'ചെമ്പക്കാട് നാരായണനാ'ണ് തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ പുരുഷ സൂപ്പർസ്റ്റാർ! ഗ്ളാമറിലൂടെ ചില വനിതാ സ്ഥാനാർത്ഥികൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞെങ്കിലും വേറിട്ട പോസ്റ്റർ ഡിസൈനിംഗിലൂടെ ഇത്തരം ഗ്ളാമർ താരങ്ങളെ വെട്ടിനിരത്തുകയാണ് പുരുഷ സ്ഥാനാർത്ഥികൾ.
പൃഥ്വിരാജ് നായകനായ 'കടുവ' എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം, മഹീന്ദ്ര ജീപ്പിന്റെ ബോണറ്റിൽ നായകൻ കട്ടക്കലിപ്പോടെ ഇരിക്കുന്നൊരു പോസ്റ്റർ ഇറക്കിയിരുന്നു. കലിപ്പില്ലാതെ ചിരിക്കുന്ന മുഖത്തോടെ ജീപ്പിന്റെ ബോണറ്റിൽ നാരായണൻ ഇരിക്കുന്ന പോസ്റ്ററാണ് കാസർകോട് കടന്ന് കേരളമാകെ വൈറലായത്. ചിത്രത്തിന്റെ പേരെഴുതാൻ ഉപയോഗിച്ച അതേ അക്ഷരങ്ങൾ തന്നെ ചെമ്പക്കാട് നാരായണൻ എന്ന പേരിനു പ്രയോഗിച്ചതും ജോറായി. ബേഡകത്തെ മറ്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ഇത്തരത്തിൽ വെറൈറ്റികളാണ്.
പരമ്പരാഗത പോസ്റ്റർ ഡിസൈനിംഗിൽ നിന്നു വഴിമാറി നീങ്ങുകയാണ്, ഈ രഗത്തുള്ള ന്യൂജെൻ ടീമുകൾ. ചിരിച്ചും കൈകൂപ്പിയും കൈപൊക്കിയും നെഞ്ചിൽ കൈവച്ചുമുള്ള സ്ഥാനാർത്ഥി ചിത്രങ്ങൾക്കു ബദൽ എന്തെന്ന ആലോചനയാണ്, സ്വാഭാവിക ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളിലേക്കുള്ള നടപ്പാതയായത്. സ്ഥാനാർത്ഥിയുടെ ജോലിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഒപ്പിയെടുത്ത ശേഷം പോസ്റ്റർ ഡിസൈൻ ചെയ്യുമ്പോൾ സ്വീകാര്യതയേറും. സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു നടക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്ററുകളായി മാറുന്നുണ്ട്. പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കതിരും പതിരും വേർതിരിയുമ്പോൾ, പുത്തൻ പോസ്റ്ററുകളുടെ കുത്തൊഴുക്കാവും നാട്ടിലെങ്ങും.
അവർക്ക് ഗ്ളാമർ
എന്നാൽ പോസ്റ്ററുകളിൽ സൗന്ദര്യം പരമാവധി പങ്കുവച്ചാണ് യുവ വനിതാ സ്ഥാനാർത്ഥികൾ കളം കൊഴുപ്പിക്കുന്നത്. സ്ഥാനാർത്ഥിത്വം പാർട്ടികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇവരിൽ പലരുടെയും കിടിലൻ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു തുളുമ്പി. 'ഈ വാർഡുകളിൽ ചെന്ന് വോട്ടു ചെയ്യാൻ എന്തെങ്കിലും മാർഗമുണ്ടോ' എന്ന കമന്റുമായി ചുള്ളൻമാർ ഇത്തരം പോസ്റ്ററുകൾക്കു പിന്നാലെ കൂടിയിട്ടുമുണ്ട്. എന്തായാലും സ്ഥാനാർത്ഥികളുടെ പുതിയ പരീക്ഷണങ്ങൾ ഫോട്ടോഗ്രാഫർമാർക്കും ഡിസൈനർമാർക്കും ഗുണകരമായി ഭവിക്കുകയാണ്.