s

പന്തൽ ജോലിക്കാർക്ക് തിരിച്ചടിയുടെ തിരഞ്ഞെടുപ്പ് കാലം

ആലപ്പുഴ : നിന്ന് തിരിയാൻ പന്തൽ പണിക്കാർക്ക് സമയം കിട്ടാത്ത കാലമാണ് ഓരോ തിരഞ്ഞെടുപ്പു സീസണും. വിവിധ പാർട്ടികൾക്കായി പ്രചാരണ കേന്ദ്രങ്ങളിൽ പന്തലും കസേരകളും സജ്ജീകരിക്കാനുള്ള ഓട്ടത്തിലാവും തൊഴിലാളികൾ. എന്നാൽ, ഇത്തവണ നേർ വിപരീതമാണ് സ്ഥിതി. കൊവിഡിനെത്തുടർന്ന്, യോഗങ്ങളും ആളുകൂട്ടിയുള്ള പ്രചാരണരീതികളും ഒഴിവാക്കപ്പെടുന്നതോടെ നാമമാത്രമാണ് പന്തൽ പണിക്കുള്ള ബുക്കിംഗുകൾ. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരമാവധി 10 കസേരയ്ക്കപ്പുറം ഒരു യോഗത്തിലേക്കും വേണ്ട.

കൊവിഡ് കാലത്ത് പണിയില്ലാതെ പട്ടിണിയിലേക്ക് വഴുതി വീണപ്പോൾ സഹായം തേടി നിരവധി സമരങ്ങൾ നടത്തിയെങ്കിലും നയാപ്പൈസയുടെ ആനുകൂല്യം തങ്ങൾക്ക് ലഭില്ലെന്ന് പന്തൽ, സ്റ്റേജ് ഡെക്കറേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഈ അവഗണന കണക്കിലെടുത്ത് ഇപ്രാവശ്യം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികളും വോട്ടും ബഹിഷ്കരിക്കാൻ തൊഴിലാളികൾ അപ്പാടെ ആദ്യം ആലോചിച്ചിരുന്നതാണ്. എന്നാൽ എട്ടുമാസത്തിനു ശേഷം ലഭിക്കുന്ന ജോലികളായതിനാൽ അതുപേക്ഷിക്കാനുമാകുന്നില്ല. കിട്ടുന്നതെങ്കിലുമാവട്ടെ എന്നു കരുതി പന്തൽ പണിക്കിറങ്ങുകയായിരുന്നു പലരും.

ഒരു ചെറിയ ടാർപോളിൻ പന്തൽ, പത്ത് കസേര, സൗണ്ട് സിസ്റ്റം, ബാക്ക് കർട്ടൺ എന്നിവയാണ് ചെറിയ പ്രചാരണ യോഗങ്ങൾക്ക് വേണ്ടത്. ഇവയ്ക്കെല്ലാം കൂടി ആറായിരം രൂപയോളം വാടക വരും. തൊഴിലാളികളുടെ പ്രതിദിന വേതനം, വാഹന ഇന്ധനം, ജനറേറ്ററിന്റെ ങ്കങ്കങ്കങ്കങ്ക ഇന്ധനം തുടങ്ങിയവ നൽകിക്കഴിഞ്ഞാൽ മിച്ചം പിടിക്കാൻ ഒന്നും ലഭിക്കാറില്ലെന്ന് ഉടമകൾ പറയുന്നു.

വിവിധ നിരക്കുകൾ (രൂപയിൽ)

ഒരു ദിവസം വാഹനത്തിൽ അനൗൺസ്മെന്റിന് : 7000

ടർപോളിൻ പന്തൽ , ബാക്ക് കർട്ടൻ, 10 കസേര - 2500

ചെറിയ യോഗത്തിനുള്ള സൗണ്ട് സിസ്റ്റം - 3000

അനൗൺസ്മെന്റിന് പ്രിയമേറും

നേരിട്ട് വീടുകളിലെത്തിയുള്ള വോട്ട് പിടുത്തത്തിന് നിയന്ത്രണങ്ങളുള്ളതിനാൽ അവസാന റൗണ്ടിൽ വാഹന പ്രചാരണത്തിലാവും സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് അനൗൺസ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷയേകുന്നു. അനൗൺസ്മെൻറ് വാഹനം ഒരു പകൽ ചുറ്റിയടിക്കുന്നതിന് 6500- 7000 രൂപ വരെ വാടക വരും. വേഗത കുറച്ച് ഫസ്റ്റ്‌, സെക്കൻഡ് ഗിയറുകളിൽ മാത്രം പോകുന്നതിനാൽ ഇന്ധന ചിലവേറും. അനൗൺസ്മെന്റുകാർ തന്നെ തങ്ങളുടേതായ സൗണ്ട് സിസ്റ്റം വാഹനത്തിൽ സജ്ജീകരിച്ച് രംഗത്തുണ്ട്. ഇത് സൗണ്ട് മേഖലയിലുള്ളവർക്ക് തിരിച്ചടിയാണ്.

''കൈ നിറയെ പരിപാടി ലഭിച്ചാൽ മാത്രമേ റേറ്റിൽ എന്തെങ്കിലും അഡ്ജസ്റ്റ്മെൻറ് ചെയ്യാൻ സാധിക്കൂ. ജനറേറ്റർ വാങ്ങിയതടക്കമുള്ള വായ്പകൾ പലർക്കുമുണ്ട്. ഒരു തിരഞ്ഞെെടുപ്പ് കാലം വന്നിട്ട് പോലും പഞ്ഞം മാറാത്തത് ആദ്യ അനുഭവമാണ്

- സജി ചന്ദ്രൻ , സരിഗ സൗണ്ട്സ്‌, പുന്നപ്ര