s

സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്ക് മുമ്പെങ്ങുമില്ലാത്ത പ്രാതിനിദ്ധ്യം

ആലപ്പുഴ : തലമൂത്ത നേതാക്കൾക്ക് വിശ്രമം നൽകി യുവശക്തിയെ മുന്നിൽ നിറുത്തിയുള്ള പോരാട്ടത്തിനാണ് ഈ തിരഞ്ഞെടുപ്പിൽ മുന്നണികൾ കളമൊരുക്കുന്നത്. എൽ.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എൻ.ഡി.എയും യുവരക്തത്തിന് മുൻതൂക്കമുള്ള സ്ഥാനാർത്ഥി പട്ടികയാണ് അവതരിപ്പിച്ചിട്ടുള്ളത്.

വിദ്യാർത്ഥി -യുവജന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ളവരും ഇപ്പോഴും സജീവമായി രംഗത്തുള്ളവരുമെല്ലാം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ ആരംഭ ഘട്ടത്തിൽ തന്നെ മേൽക്കൈ ലഭിക്കാൻ ഇത് സഹായകമാവുമെന്ന് എല്ലാ മുന്നണികളും കരുതുന്നു.സാധാരണ ഇടതുപക്ഷമാണ് ഇത്തരം പരീക്ഷണത്തിന് ധൈര്യം കാട്ടാറുള്ളതെങ്കിലും യു.ഡി.എഫും ആ വഴിക്ക് ചിന്തിച്ചു തുടങ്ങിയെന്നുവേണം കരുതാൻ.

ജില്ലാ പഞ്ചായത്തിലേക്ക് എസ്.എഫ്.ഐയുടെ മുൻനേതാക്കളെയും ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകരെയുമാണ് സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്. പരിചിത മുഖങ്ങളായ പല നേതാക്കളും ഇക്കുറി മത്സരരംഗത്തില്ലെന്നതും ശ്രദ്ധേയമാണ്.തുടർച്ചയായ മത്സരത്തിനിറങ്ങുന്നവരാവട്ടെ അതാത് മേഖലയിൽ അനിവാര്യരുമാണ്.

പുതിയ മുഖങ്ങൾ

പഴയ മുഖങ്ങളോട് ഏറെക്കുറെ വിടചൊല്ലിയാണ് സി.പി.എം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.യുവജനങ്ങൾക്ക് , പ്രത്യേകിച്ച് വനിതകൾക്ക് വലിയ പ്രാധാന്യമാണ് ഇക്കുറി നൽകിയത്. ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. മുൻ എസ്.എഫ് .ഐ നേതാവും ഡി.വൈ.എഫ്.ഐ നേതാവുമായ അഡ്വ.റിയാസ് ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ നിന്ന് മത്സരിക്കുന്നു. ഭരണിക്കാവ് ഡിവിഷനിലെ നികേഷ് തമ്പിയും കൃഷ്ണപുരത്തെ ബിപിൻ സി.ബാബുവും പാർട്ടിയുടെ യുവപ്രതീക്ഷകളാണ്.

എസ്.എഫ്.ഐ സംസ്ഥാന കൗൺസിൽ അംഗം ഗോപികാവിജയപ്രസാദ്, ഡി.വൈ.എഫ്.ഐ ഭാരവാഹികളായ ശ്വേത എസ്.കുമാർ,ബി.അജേഷ് തുടങ്ങിയവർ ആലപ്പുഴ നഗരസഭയിലെ സ്ഥാനാർത്ഥികളാണ്.

യുവാക്കളുടെ കൈ പിടിച്ച്

കേരളത്തെ നടുക്കിയ 2018-ലെ പ്രളയത്തിൽ ജില്ലയിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നവരും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മാതൃകാപരമായി പങ്കെടുത്തവരും സി.പി.ഐ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടു. എ.ഐ.വൈ.എഫ് സംസ്ഥാന എക്സി. അംഗം എ.ശോഭ ജില്ലാ പഞ്ചായത്ത് പള്ളിപ്പാട് ഡിവിഷനിലും എ.ഐ.എസ്.എഫ് സംസ്ഥാന നേതാവ് പി.അഞ്ജു അമ്പലപ്പുഴ ഡിവിഷനിലും ജനവിധി തേടും.എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം.ഹുസൈൻ ആലപ്പുഴ നഗരസഭ ആലിശ്ശേരി വാർഡിലും എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.ജയൻ ചാത്തനാട് വാർഡിലും മത്സരിക്കുന്നു.
കായംകുളം മണ്ഡലം സെക്രട്ടറി ജെ. ആദർശ് നഗരസഭയിൽ 31-ാം വാർഡിലും ജില്ലാ വൈസ് പ്രസിഡന്റ് എസ്.അശോക് കുമാർ ബ്ലോക്ക് പഞ്ചായത്ത് എഴുപുന്ന ഡിവിഷനിലും
ചാരുംമൂട് മണ്ഡലം പ്രസിഡന്റ് എം.അമ്പാടി കണ്ണനാകുഴി ബ്ലോക്ക് ഡിവിഷനിലും
മാവേലിക്കര മണ്ഡലം പ്രസിഡന്റ് സിനു ഖാൻ ചാരുംമൂട് ഡിവിഷനിലും
അരൂർ ഈസ്​റ്റ് മണ്ഡലം സെക്രട്ടറി കെ.എം. ദിപീഷ് മാക്കേക്കടവ് ബ്ലോക്ക് ഡിവിഷനിലും മത്സരിക്കുന്നുണ്ട്.

കളമറിഞ്ഞ് എൻ.ഡി.എ

ബി.ജെ.പിയും ഇക്കുറി കളമറിഞ്ഞാണ് അടവു മെനയുന്നത്.ജില്ലാ പഞ്ചായത്തിലെ പ്രധാന ഡിവിഷനുകളിൽ യുവമോർച്ച നേതാക്കളെ സ്ഥാനാർത്ഥികളാക്കിയ ബി.ജെപി, മോർച്ചയുടെ നിയോജക മണ്ഡലം ഭാരവാഹികളെ മുഴുവൻ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തി.ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിലാണ് അവരുടെ മത്സരം.50 ശതമാനം സീറ്രുകൾ യുവജനങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു.

യുവമോർച്ച ജില്ലാ സെക്രട്ടറി മഹേഷ് , വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ് തുടങ്ങിയവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. മഹിളാസംഘത്തിന്റെ കോ ഓർഡിനേറ്റർ കൂടിയായ യുവ പ്രവർത്തക എസ്.സൗമ്യ മുളക്കഴ ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവാമ്പാടി ആലപ്പുഴ നഗരസഭയിൽ സ്ഥാനാർത്ഥിയാണ്.

ഒട്ടും പിന്നിലല്ലാതെ കോൺഗ്രസും

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യു.ഡി.എഫും പ്രത്യേകിച്ച് കോൺഗ്രസും ഇക്കുറി യുവജനങ്ങളോട് പ്രത്യേക മമതയാണ് കാട്ടിയത്. ജില്ലാ പഞ്ചായത്തിലേക്ക് മുൻ കെ.എസ്.യു പ്രവർത്തകരെയും യൂത്ത് കോൺഗ്രസ് പ്രതിനിധികളെയും പരിഗണിച്ചിട്ടുണ്ട്. ഭരണിക്കാവ് ഡിവിഷനിൽ മത്സരിക്കുന്ന അവിനാഷ് ഗംഗൻ, ചമ്പക്കുളം ഡിവിഷനിലേക്ക് പരിഗണിക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് തുടങ്ങിയവർ യുവനിരയിൽ ഉൾപ്പെടും. കഴിഞ്ഞതവണ കൃഷ്ണപുരം ഡിവിഷനെ പ്രതിനിധീകരിച്ച ഹരിത ബാബു പുന്നപ്രയിലേക്ക് എത്താൻ സാദ്ധ്യതയുണ്ട്. കെ.എസ്.യു ജില്ലാ സെക്രട്ടറി വിശാഖ് പത്തിയൂരാണ് മത്സരരംഗത്തുള്ള മറ്റൊരു യുവനേതാവ്.ആലപ്പുഴ നഗരസഭയിലേക്ക് തുമ്പോളി വാർഡിൽ നിന്നും മത്സരിക്കുന്നത് കെ.എസ്.യു നേതാവായ സി.പി റോജമോളാണ്. ഇടതു മുന്നണിയിലെയത്ര യുവപ്രാതിനിദ്ധ്യമില്ലെങ്കിലും ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇക്കുറി യുവാക്കൾക്ക് നല്ല പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.