d

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേര് കിംഗ് കോങ്

ആലപ്പുഴ: ഹോളിവുഡ് സിനിമ പരമ്പരയിലൂടെ കാണികളുടെ മനസിൽ ഇടംപടിച്ച കഥാപാത്രമാണ് കിംഗ് കോങ് എന്ന ഗോറില്ല. സിനിമ കണ്ട് ഹരം കയറിയ ചേർത്തല അയ്യനാട്ട് വെളിയിൽ കുഞ്ഞൻകുട്ടി ആ പേര് എവിടെയെങ്കിലും 'പ്രയോഗി'ക്കാനിരിക്കെയാണ് എട്ടാമത്തെ മകൻ പിറന്നത്. ഇടംവലം നോക്കിയില്ല, മനസി​ൽ കരുതി​ വച്ചി​രുന്ന പേര് നൂലുകെട്ടു ദിവസം കുഞ്ഞൻകുട്ടി മകന്റെ ചെവിയിലോതി; കിംഗ് കോങ്! ഭാര്യയുടെയും ബന്ധുക്കളുടെയും മുഖം കോടി. പക്ഷേ, കുഞ്ഞൻകുട്ടി പതറിയില്ല. പേരിലൂടെ നാട്ടുകാർക്ക് സുപരിചിതനായി കിംഗ് കോങ് വളർന്നു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് വാർഡിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി കിംഗ് കോങ് ഇന്നലെ പത്രിക കൊടുത്തതോടെ പ്രവർത്തകർ രംഗത്തിറങ്ങി; കൈപ്പത്തി ചിഹ്നത്തിൽ കിംഗ് കോങ്ങിനൊരു വോട്ടു തേടി​!

ചേർത്തല ഓട്ടോ കാസ്റ്റിൽ കരാർ ജോലിക്കാരനാണ് കിംഗ് കോങ് (57). ആദ്യമായി പരിചയപ്പെടുന്നവർ ഇത് യഥാർത്ഥ പേരുതന്നെയാണോയെന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. സാധാരണ ഗതിയിൽ 'ഇരട്ടപ്പേര്' ആവേണ്ട പേരാണല്ലോ ഇത്! കുഞ്ഞൻകുട്ടി- മാധവിയമ്മ ദമ്പതികളുടെ എട്ടാമത്തെ മകനായി കിംഗ് കോങ് പിറന്ന കാലത്ത് ഈ സിനിമ പരമ്പര കണ്ട് ഹരം കയറി നടക്കുകയായിരുന്നു കുഞ്ഞൻകുട്ടി. 1933ൽ ആണ് കിംഗ് കോങ് പരമ്പരയിലെ ആദ്യ സിനിമ ഇറങ്ങിയത്. തുടർന്ന് പത്തോളം സിനിമകൾ കിംഗ് കോങിനെ അടിസ്ഥാനമാക്കി ഇറങ്ങി. കുടുംബത്തിലെ മറ്റാരോടും അഭിപ്രായം ചോദിക്കാതെയാണ് കുഞ്ഞൻകുട്ടി മകന് ഈ പേരിട്ടത്.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തന പരിചയമുള്ള കിംഗ് കോങ്ങിനെ മത്‌സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതിനു പിന്നിൽ പേരും ഒരു ഘടകമായിട്ടുണ്ട്. വോട്ട് ചോദിച്ച് ചെല്ലുമ്പോൾ ഒറ്റത്തവണ മാത്രം പേരു പറഞ്ഞാൽ മതിയെന്നൊരു മെച്ചമുണ്ട്. വാർഡിലെ കുട്ടികൾക്കിടയിലാണ് പേരു കിടന്നു കറങ്ങുന്നത്.

ഉഷയാണ് ഭാര്യ. കഞ്ഞിക്കുഴി ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ. പുരുഷോത്തമൻ സഹോദരനാണ്.