ആലപ്പുഴ: തിരഞ്ഞെടുപ്പിൽ ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ള ശ്രമം രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നുമുണ്ടാവുമെന്നും ഉദ്യോഗസ്ഥർ ഇത് അനുവദിക്കരുതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബാദ്ധ്യസ്ഥമാണ്. ഉദ്യോഗസ്ഥരുടെ നിഷ്പക്ഷവും നീതിപൂർവ്വവും സത്യസന്ധവുമായ ഇടപെടൽ മൂലം ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന ജില്ല കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മീണ.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം വരുന്ന രണ്ടുമാസം നൽകണം. ഏപ്രിൽ, മെയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് നേരത്തെ ഒരുങ്ങണം.2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തീകരിച്ച ഏതൊരു പൗരനെയും പട്ടികയിൽ ഉൾപ്പെടുത്താം.
ജില്ല കളക്ടർ എ.അലക്സാണ്ടർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ പി.എസ്.സ്വർണമ്മ, തഹസിൽദാർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.