ആലപ്പുഴ: അക്ഷയകേന്ദ്രങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. അക്ഷയകേന്ദ്രത്തിന് സമാനമായ പേരും ലോഗോയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള സർവീസുകൾ ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾക്കും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവയ്ക്കും എതിരെ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നിർദേശം നൽകി.
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ അമിത നിരക്ക് ഈടാക്കി പൊതുജനങ്ങൾക്ക് ചെയ്തു കൊടുക്കുന്നവരുടെ പേരിലാണ് നടപടി സീകരിക്കുക. സ്വകാര്യകേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതികളാണ് ഓരോ ദിവസവും ലഭിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളും ട്രെയിനിംഗും അക്ഷയക്ക് മാത്രം നൽകിയാൽ മതിമെന്നും ഉത്തരവിലുണ്ട്.
ജില്ലയിൽ അക്ഷയകേന്ദ്രങ്ങൾ : 214
അക്ഷയയും സേവനങ്ങളും
വില്ലേജ് ഓഫീസിൽനിന്നുള്ള സേവനങ്ങൾ അടക്കമുള്ള ഇ ഡിസ്ട്രിക്ട് സേവനങ്ങൾ, റേഷൻ കാർഡ് സംബന്ധിച്ചവ, സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് തുടങ്ങിയവ സേവനങ്ങൾ അക്ഷയയകലൂടെ മാത്രമേ ലഭിക്കൂ.
വ്യക്തിക്ക് ആധാർ നമ്പർ ഉപയോഗിച്ച് ഐഡി ഉണ്ടാക്കി സ്വന്തമായി അഞ്ച് അപേക്ഷ ചെയ്യാൻ സൈറ്റിൽ അവസരമുണ്ട്.
ഈ ലിങ്ക് ഉപയോഗിച്ച് സ്വകാര്യസ്ഥാപനങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് എത്തുന്നവരുടെ ആധാർ വിവരങ്ങൾ വാങ്ങി ഐഡികൾ ഉണ്ടാക്കിയാണ് പൊതുജനങ്ങളെ കബളിപ്പിക്കുന്നത്.
വ്യാജപ്രചാരണങ്ങൾ
കൊവിഡ് സപ്പോർട്ട് സ്‌കീം എന്ന പേരിൽ എല്ലാ കുട്ടികൾക്കും സ്‌കോളർഷിപ്പ് ഉള്ളതായി പ്രചരിപ്പിച്ച് നൂറു മുതൽ 300 രൂപവരെ ഈടാക്കി സ്വകാര്യ സ്ഥാപനങ്ങൾ വൻതോതിൽ അപേക്ഷ അയച്ചിരുന്നു. എന്നാൽ, ഇങ്ങനെ ഒരു സ്‌കീം ഉണ്ടായിരുന്നില്ല. കൊവിഡ് കാലത്ത് പുതിയ തൊഴിലവസരം എന്ന വ്യാജേന വൻ തുക ഈടാക്കി ഓൺലൈൻ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസികൾ നൽകുന്ന സംഘങ്ങളും സജീവമാണ്. ഇത്തരം ഫ്രാഞ്ചൈസികൾക്കും നിയമസാധുതയില്ല.