ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ, യു.ഡി.എഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനും ജില്ലയിലെ മുതിർന്ന നേതാക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
ലിജുവിന് പുറമെ കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ലിജു തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. താനുമായി അടുത്ത് ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പോസ്റ്രിൽ പറയുന്നു.
ഒരാഴ്ചയായി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകളുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണ്ണയ സമിതിയുടെ തുടർച്ചയായ മീറ്റിംഗുകൾ നടന്നുവരികയാണ്.അതിനിടെയാണ് നേതാക്കൾക്ക് രോഗം സ്ഥിരീകരിച്ചത്.
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ്, മുൻ എം.എൽ.എമാരായ എം.മുരളി, ബി.ബാബുപ്രസാദ്, സെക്രട്ടറി കെ.പി.ശ്രീകുമാർ തുടങ്ങിയവരാണ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ പങ്കെടുത്തിരുന്നത്. ജില്ലാ പഞ്ചായത്തിലെ ചില ഡിവിഷനുകളിലേക്കും ആലപ്പുഴ നഗരസഭയിലെ ചാല വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് തർക്കങ്ങൾ കാരണം നീണ്ടുപോയത്. മൂന്ന് പേർക്ക് രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ മീറ്റിംഗിൽ പങ്കെടുത്ത മറ്റു നേതാക്കൾ ക്വാറന്റൈനിൽ പോകേണ്ടിവരും.