s


ആലപ്പുഴ: ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിനായി പോൾ മാനേജർ അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ തയ്യാർ. വോട്ടെടുപ്പ് ദിനത്തിലും അതിന് മുമ്പുള്ള ദിവസവുമാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുക.

വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുവാങ്ങുന്നത് മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ചേൽപ്പിക്കുന്നത് വരെയുള്ള വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തും. വോട്ടിംഗ് ദിവസം ഓരോ ബൂത്തിലെയും വോട്ടിംഗ് ശതമാനം കൃത്യമായ ഇടവേളകളിൽ ഈ അപ്പിലൂടെ ഉദ്യോഗസ്ഥർ നൽകും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത ആപ്പിൽ മുൻകൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ഉള്ളത്. കൂടാതെ പോളിംഗ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തിരിച്ചെത്തുന്നത് വരെയുള്ള വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കാണ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. ഉദ്യോഗസ്ഥരുടെ ഫോണിൽ ലഭ്യമാകുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് ആപ്പ് ഓപ്പൺ ചെയ്യേണ്ടത്. ഉദ്യോഗസ്ഥർക്ക് നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ ലഭ്യമാക്കും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായി ഇഡ്രോപ്പ് സോഫ്റ്റ് വെയർ സംവിധാനം സംബന്ധിച്ച പരിശീലനം എൻ.ഐ.സി നേരത്തെ പൂർത്തീകരിച്ചിരുന്നു. കൂടാതെ നാമനിർദ്ദേശ പത്രികകൾ കൈകാര്യം ചെയ്യാനായി lsgelection.kerala.gov.in എന്ന വെബ് പോർട്ടലും ഉണ്ട്.