ചേർത്തല:കഴിഞ്ഞ കൗൺസിലിലെ വനിതാ പ്രതിനിധികളെ പുതിയ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് പാടെ വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് ചേർത്തല നഗരസഭയിൽ യു.ഡി.എഫിനെതിരെ വനിതകളുടെ പോരാട്ടം. ഏഴു മുൻവനിതാ കൗൺസിലർമാരുടെ പ്രതിനിധിയായി, കഴിഞ്ഞ കൗൺസിലിലെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.ലീനയാണ് ആറാം വാർഡിൽ പത്രിക നൽകിയത്. കഴിഞ്ഞ കൗൺസിലിലെ എട്ടു പുരുഷ കൗൺസിലർമാരിൽ ആറുപേരും പാർട്ടി ടിക്കറ്റിൽ വീണ്ടും വാർഡുമാറി മത്സരത്തിനിറങ്ങുമ്പോഴും ഒരു വനിതാ അംഗത്തെപോലും വീണ്ടും പരിഗണിക്കാത്തതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ കൗൺസിലിൽ മാതൃകാപരമായി പ്രവർത്തിച്ചവരെയാണ് ഏകപക്ഷീയമായി വെട്ടിമാറ്റിയതെന്നാണ് ഇവരുടെ വാദം.സ്ഥാനാർത്ഥിത്വം അട്ടിമറിച്ചവർ സ്ഥാനാർത്ഥികളാകുന്ന വാർഡുകളിൽ പ്രചരണം നടത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.